ഇന്ത്യയുടെ 25–ാം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാർ ചുമതലയേറ്റു

ന്യൂഡൽഹി: രാജ്യത്തെ 25–ാം മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ആയി രാജീവ് കുമാർ ചുമതലയേറ്റു. വിരമിക്കുന്ന സുശീൽ ചന്ദ്രയ്ക്ക് പകരമാണ് രാജീവ് കുമാർ ചുമതലയേറ്റത്. 2025 ഫെബ്രുവരി വരെ ഇദ്ദേഹം പദവിയിൽ തുടരും. 2024–ലെ ലോക്സഭാ തെരഞ്ഞെടുപ്പും നിർണായക നിയമസഭാ തെരഞ്ഞെടുപ്പുകൾക്കും നേതൃത്വം വഹിക്കും. 'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്' തീരുമാനത്തിന്റെ കാര്യത്തിലും പുതിയ സിഇസിയുടെ നിലപാട് പ്രധാനമാകും.ബിഹാർ/ജാർഖണ്ഡ് കേഡറിൽ നിന്നുള്ള 1984 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് രാജീവ് കുമാർ. 2020 ഫെബ്രുവരിയിലാണ് ഇദ്ദേഹം ഐഎഎസിൽ നിന്ന് വിരമിച്ചത്.
1960 ഫെബ്രുവരി 19 ന് ജനിച്ച കുമാർ, ബിഎസ്‌സി, എൽഎൽബി, പിജിഡിഎം, പബ്ലിക് പോളിസിയിൽ ബിരുദാനന്തര ബിരുദം എന്നിവയുൾപ്പെടെ വിവിധ ബിരുദങ്ങൾ നേടിയിട്ടുണ്ട്. കൂടാതെ, കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കീഴിൽ 37 വർഷത്തിലേറെ കാലത്തേ സേവന പരിചയമുണ്ട്. സെൻട്രൽ ബോർഡ് ഓഫ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ , എസ്ബിഐ, നബാർഡ് എന്നിവയുടെ ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം സാമ്പത്തിക ഇന്റലിജൻസ് കൗൺസിൽ, സാമ്പത്തിക സ്ഥിരത വികസന കൗൺസിൽ ( ബാങ്ക് ബോർഡ് ബ്യൂറോ, ഫിനാൻഷ്യൽ സെക്ടർ റെഗുലേറ്ററി അപ്പോയിന്റ്‌മെന്റ് സെർച്ച് കമ്മിറ്റി), സിവിൽ സർവീസ് ബോർഡ്, തുടങ്ങിയ ബോർഡുകളിലും കമ്മിറ്റികളിലും അംഗമായിരുന്നു.
സാമ്പത്തിക മേഖലയിലെ ലയനങ്ങളും ഏറ്റെടുക്കലുകളും വിഭാവനം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും നിർണായക പങ്കുവഹിച്ചതിന് അദ്ദേഹത്തിന് പ്രത്യേക ബഹുമതി ലഭിച്ചിട്ടുണ്ട്. ഏകദേശം 18 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പ്രയോജനം ചെയ്യുന്ന ദേശീയ പെൻഷൻ സമ്പ്രദായം നടപ്പിലാക്കിയതിന് പിന്നിലും രാജീവ് കുമാർ പ്രത്യേക പങ്ക് വഹിച്ചിട്ടുണ്ട്.