വേൾഡ് മലയാളി സർക്കിൾ കൂട്ടായ്മയിൽ അഭിനേതാവും, യാത്രികനുമായ രാജ്കുമാർ സത്യനാരായണൻ പങ്കുവെച്ച കാര്യമാത്രപ്രസക്തമായ രസകരമായ കുറിപ്പ് ശ്രദ്ധേയമാകുന്നു

"സ്വദേശത്തിരുന്ന് സ്വയം പഴിച്ചുകൊണ്ട് മറ്റൊരു സ്വർഗം നിങ്ങൾ സ്വപ്നം കാണുന്നുണ്ടെങ്കിൽ സഹതാപപൂർവ്വം പറയട്ടെ ഈ ഭൂമിയിലെ ഏറ്റവും വലിയ വിഡ്ഢികളിൽ ഒരാളായി നിങ്ങളുമുണ്ട്."

രാജ്കുമാർ സത്യനാരായണൻ ഫേസ്ബുക്കിലെ "വേൾഡ് മലയാളി സർക്കിൾ" കൂട്ടായ്മയിൽ പങ്കുവെച്ച കുറിപ്പിലേക്ക്

" ഇക്കഴിഞ്ഞ ദിവസം ഒരു കോളേജിൽ ടൂറിസം ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ അതിഥിയായിച്ചെന്ന് അല്പനേരം അവിടുത്തെ വിദ്യാർഥികളേ വെറുപ്പിക്കാൻ സാധിച്ചു. ആറുമാസമൊക്കെ യാത്ര ചെയ്ത ഒരുത്തനല്ലേ എന്തെങ്കിലുമൊക്കെ പറയാൻ കാണാതിരിക്കില്ല എന്ന ധാരണ കൊണ്ടാകാം അടുത്തിടെയായി അങ്ങനെ കുറെ വേദികൾ ലഭിക്കുന്നുണ്ട്, തരക്കേടില്ലാത്ത പോക്കറ്റ് മണി തടയും എന്നതിനാൽ ഞാനും ഹാപ്പി

എന്റേതന്നെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് ഏതാണ്ട് ഒന്നര മണിക്കൂറോളം അവരോട് കത്തി വയ്ക്കുമ്പോൾ പോലും എന്റെ ചിന്തകൾ മറ്റു പലവഴിക്കായി കാട് കയറുകയായിരുന്നു.

ട്രാവലിംഗ്&ടൂറിസം തന്നെ പ്രധാന വിഷയമായി എടുത്തിരിക്കുന്ന ബിരുദ വിദ്യാർഥികളായ അൻപതോളം കുട്ടികൾ,അവരിൽ സ്വാഗതവും പ്രസന്റേഷനും നന്ദിപ്രകാശനവുമുൾപ്പെടെ മുഴുവൻ കൊ ഓർഡിനേഷനും മൂന്നോ നാലോ കുട്ടികളിൽ മാത്രമായി ഒതുങ്ങിയിരിക്കുന്നു അവരുടെ മാത്രം താൽപര്യത്തിന് ചെയ്യും പോലെ ആണ്ടമാൻ ദ്വീപിൽ നിന്നുള്ള ഒരു പെണ്കുട്ടിയും മധ്യപ്രദേശിൽ നിന്നും യു പി യിൽ നിന്നും വന്നതുൾപ്പെടെയുള്ള ആ മൂന്നോ നാലോ പേര് ഒഴിച്ചാൽ ആക്ടീവായ ഒരു മലയാളികുട്ടി പോലും ആ കൂട്ടത്തിൽ ഉണ്ടായില്ലല്ലോ എന്നത് സങ്കടകരമായിരുന്നു. എന്നാൽ അമ്പലപ്പറമ്പിലെ ഗാനമേളക്ക് പോലും പറഞ്ഞു കയ്യടിപ്പിക്കേണ്ടി വരുന്ന മലയാളിയുടെ പ്രതികരണശേഷിയല്ല എന്നെ ആശങ്കപ്പെടുത്തിയത്.

'ഇന്ത്യയിലെ ഏറ്റവും താഴ്ന്ന പ്രദേശം ഏത്' എന്ന എന്റെ ചോദ്യത്തിന് ഇന്ത്യയിലേതെന്നല്ല, ലോകത്തിലെ തന്നെ ഏറ്റവും താഴ്ന്ന ജീവയോഗ്യമായ പ്രദേശം തങ്ങളിരിക്കുന്ന ഈ കളാസ്‌റൂം ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന കുട്ടനാടാണെന്ന് സമ്പൂർണ്ണ ബോധ്യമുണ്ടായിരുന്ന ഒറ്റയൊരാളെപ്പോലും അക്കൂട്ടത്തിൽ എനിക്ക് കാണാൻ കഴിഞ്ഞില്ല.

സ്വന്തം നാടിന്റെ സവിശേഷതകളെപ്പറ്റി ട്രാവലിംഗ്&ടൂറിസം ഡിഗ്രിയായി എടുത്തവരുടെ മനസ്ഥിതി ഇതാണെങ്കിൽ സാധാരണകാരന്റെ അവസ്‌ഥ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ.

ഏറിയാൽ അഞ്ചുമണിക്കൂറിൽ താഴെ മാത്രം നേരാംവണ്ണം പകൽ ലഭിക്കുന്ന യൂറോപ്പ് നമുക്ക് സ്വർഗ്ഗമാണ്,

ഏറിയ പങ്കും മരുഭൂമിയായ ഓസ്‌ട്രേലിയ നമുക്ക് പറുദീസായാണ്, നമ്മളോളം വിദ്യാഭ്യാസം പോലും നേടാത്തവർ വിലസുന്ന അമേരിക്കൻ ഐക്യനാടുകളും യൂ.എസ്സും നമുക്ക് സ്വപ്ന ഭൂമികകളാണ്.

മഞ്ഞുറഞ്ഞ മണ്ണിൽ നിവൃത്തികേട് കൊണ്ട് ആഘോഷിക്കപ്പെടുന്ന നെതർലന്റിന്റെ 'ഹാലോവീനും' സ്‌പെയിനിന്റെ തക്കാളിയേറുമൊക്കെ നമുക്ക് മഹാസംഭവങ്ങളാണ്

വർഷം മുഴുവൻ ഉത്സവമുള്ള നമ്മുടെ നാടിനെ വിശേഷിപ്പിക്കുവാൻ മുന്നിൽ ഇനിഷ്യൽ പോലെ അശ്ളീല പദങ്ങളും.

പ്രിയമുള്ളവരേ സ്വദേശത്തിരുന്ന് സ്വയം പഴിച്ചുകൊണ്ട് മറ്റൊരു സ്വർഗം നിങ്ങൾ സ്വപ്നം കാണുന്നുണ്ടെങ്കിൽ സഹതാപപൂർവ്വം പറയട്ടെ ഈ ഭൂമിയിലെ ഏറ്റവും വലിയ വിഡ്ഢികളിൽ ഒരാളായി നിങ്ങളുമുണ്ട്.

നമ്മുടെ നാടിന് നമ്മൾ കല്പിക്കാത്ത മൂല്യം മറ്റൊരാൾ കല്പിക്കില്ല..നമ്മുടെ നാടിന് മൂല്യമുണ്ടെങ്കിൽ മാത്രമേ നമുക്ക് മൂല്യമുണ്ടാവൂ,..

ഒരു നാടിനേ സുന്ദരമാക്കുന്നത് അവിടുത്തെ വ്യവസ്ഥിതികളാണ്,....മറക്കാനാകാത്ത അനുഭവമാക്കിമാറ്റുന്നത് അവിടുത്തെ ജനതയുടെ പെരുമാറ്റമാണ്...."

Related Posts