നരേന്ദ്രമോദിയുടെ ഭരണം ബി സ്കൂളുകളിൽ കേസ് സ്റ്റഡി ആക്കണമെന്ന് രാജ്നാഥ് സിങ്ങ്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണ മാതൃക ബിസ്നസ് സ്കൂളുകളിൽ പഠനവിഷയം ആക്കേണ്ടതാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ്. മഹാത്മാ ഗാന്ധിക്കും പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയ്‌ക്കും ശേഷം സ്വദേശി 4.0-ന് തുടക്കം കുറിച്ചിരിക്കുകയാണ് മോദി. 'വോക്കൽ ഫോർ ലോക്കൽ', 'ആത്മനിർഭർ ഭാരത് ' ക്യാമ്പയ്നുകളിലൂടെ രാജ്യത്തെ വികസന പന്ഥാവിലേക്ക് നയിക്കുന്ന മോദിയുടെ നവീനമായ ഭരണമാതൃക മാനേജ്മെന്റ് പഠനത്തിന്റെ ഭാഗമാകണം. നരേന്ദ്ര മോദിയുടെ ഇരുപത് വർഷത്തെ പൊതുജീവിതത്തെ കുറിച്ചുള്ള സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുപത് വർഷത്തെ മോദിയുടെ ജീവിതമെടുത്താൽ വെല്ലുവിളികൾ തുടർച്ചയായി നേരിടുന്നത് കാണാനാവും. കാര്യക്ഷമമായ നേതൃത്വത്തിലൂടെയും മികച്ച ഭരണമാതൃകയിലൂടെയും അത്തരം വെല്ലുവിളികളെ അദ്ദേഹം തരണം ചെയ്ത രീതി ബി സ്കൂളുകളിൽ കേസ് സ്റ്റഡിയാക്കണം. നൂറുവർഷം മുമ്പ് ഗാന്ധിജിയാണ് സ്വദേശിയെപ്പറ്റി ആദ്യമായി പറയുന്നത്. അറുപത് കൊല്ലം മുമ്പ് പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയും സ്വദേശിയെപ്പറ്റി പറഞ്ഞു. തൊണ്ണൂറുകളിൽ ബിജെപിയും സ്വദേശിക്കുവേണ്ടി വലിയ ആഹ്വാനങ്ങൾ നൽകി. ഇപ്പോൾ മോദി സ്വദേശി 4.0 നടപ്പിലാക്കുകയാണെന്ന് പ്രതിരോധമന്ത്രി അവകാശപ്പെട്ടു.