റാമിന്റേയും ജാനുവിന്റേയും പ്രണയം വീണ്ടും വരുന്നു, 96 രണ്ടാം ഭാ​ഗം ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ

പ്രണയവും പ്രണയ നഷ്ടവും പറഞ്ഞ, തെന്നിന്ത്യൻ സിനിമാപ്രേമികളെ ഒന്നടങ്കം പ്രണയത്തിൽ മൂടിയ ചിത്രമാണ് 96. വിജയ് സേതുപതിയും തൃഷയും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തിന്റെ രണ്ടാം ഭാ​ഗം വരുന്നതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. തമിഴ് പിആർഓ ആയ ക്രിസ്റ്റഫർ കനകരാജ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

ആദ്യ സിനിമ സംവിധാനം ചെയ്ത സി പ്രേം കുമാർ തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുക. തിരക്കഥയ്ക്ക് വിജയ് സേതുപതി സമ്മതം മൂളിയെന്നാണ് റിപ്പോർട്ട്.

രാമചന്ദ്രൻ എന്ന റാമായാണ് വിജയ് സേതുപതി എത്തിയത്. പ്രണയനഷ്ടവും പേറി ഏകനായി ജീവിക്കുന്ന ട്രാവൽ‍ ഫോട്ടോ​ഗ്രാഫറായുള്ള സേതുപതിയുടെ പ്രകടനം മികച്ച കയ്യടി നേടിയിരുന്നു. അതുപോലെ ജാനുവെന്ന തൃഷയുടെ കഥാപാത്രവും പ്രേക്ഷക ഹൃദയം കവർന്നു. ഗോവിന്ദ് വസന്തയുടെ മനോഹരമായ ഗാനങ്ങളും ചിത്രത്തിന് കരുത്തായി. ചിത്രം സൂപ്പർഹിറ്റായതാടെ മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നു.

സ്കൂൾ കാലഘട്ടത്തെ കമിതാക്കൾ 22 വർഷങ്ങൾക്കു ശേഷം സ്കൂൾ റീ യൂണിയനിൽ കണ്ടുമുട്ടുന്നതും അവരൊന്നിച്ചുള്ള നിമിഷങ്ങളും പറഞ്ഞ ചിത്രം തമിഴ്നാട്ടിലെ പോലെ കേരളത്തിലും തരം​ഗം സൃഷ്ടിച്ചിരുന്നു.

Related Posts