12 വർഷത്തിനുശേഷം വീണ്ടും നായകനാവുന്നു; പുതിയ ചിത്രത്തിൻ്റെ ടീസർ പുറത്തുവിട്ട് രമേഷ് പിഷാരടി
നായകനായി അഭിനയിക്കുന്ന പുതിയ ചിത്രത്തിൻ്റെ ടീസർ പുറത്തുവിട്ട് പ്രശസ്ത നടൻ രമേഷ് പിഷാരടി. 'നോ വേ ഔട്ട് ' എന്നാണ് ചിത്രത്തിൻ്റെ പേര്. പന്ത്രണ്ടു വർഷത്തിനു ശേഷമാണ് താൻ വീണ്ടും നായകനായി അഭിനയിക്കുന്നതെന്ന് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിൽ പിഷാരടി പറഞ്ഞു. സിനിമയും പ്രകടനവും നല്ലതാണെങ്കിൽ ഒപ്പമുണ്ടാവണമെന്നും താരം അഭ്യർഥിച്ചു.
നിധിൻ ദേവീദാസാണ് ചിത്രത്തിൻ്റെ സംവിധായകൻ. റെമോഷ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ റെമോഷ് എം എസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഛായാഗ്രഹണം വർഗീസ് ഡേവിഡും എഡിറ്റിങ്ങ് കെ ആർ മിഥുനും നിർവഹിക്കുന്ന ചിത്രത്തിൻ്റെ സംഗീത സംവിധാനം കെ ആർ രാഹുൽ ആണ്. 2009-ൽ താഹ സംവിധാനം ചെയ്ത 'കപ്പൽ മുതലാളി' എന്ന ചിത്രത്തിലാണ് രമേഷ് പിഷാരടി ആദ്യമായി നായകനാവുന്നത്. സരയു ആയിരുന്നു ചിത്രത്തിലെ നായിക.