രൺബീർ-ആലിയ വിവാഹം: ചടങ്ങുകൾ നാളെ മുതൽ; 'വാസ്തു'വിൽ വിളക്കുകൾ തെളിഞ്ഞു
ആലിയ ഭട്ട്-രൺബീർ കപൂർ വിവാഹത്തിനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതായി ബോളിവുഡിൽ നിന്നുള്ള റിപ്പോർട്ടുകൾ. നാളെ മുതൽ വിവാഹ ചടങ്ങുകൾക്ക് തുടക്കം കുറിക്കുമെന്നാണ് പറയപ്പെടുന്നത്. ഏപ്രിൽ 17 വരെ ചടങ്ങുകൾ തുടരും. അതിനിടെ വിവാഹം ഏപ്രിൽ 20-ലേക്ക് മാറ്റി വെച്ചെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും ഉണ്ട്.
രൺബീറിന്റെ വീടായ 'വാസ്തു' വിൽ വിവാഹത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നതായി പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. വാസ്തുവിനുള്ളിൽ ദീപം തെളിഞ്ഞു നിൽക്കുന്ന മനോഹര ചിത്രങ്ങളും ന്യൂസ് പോർടൽ പുറത്തുവിട്ടിട്ടുണ്ട്. നിരവധി തൊഴിലാളികളാണ് രാപ്പകൽ പണിയെടുക്കുന്നത്. വീടിന് പുറത്ത് ഫർണിച്ചറുകൾ ഇറക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വിവാഹത്തിന് മുന്നോടിയായി ആർ കെ സ്റ്റുഡിയോയും അണിഞ്ഞൊരുങ്ങിയിട്ടുണ്ട്. പ്രീ വെഡ്ഡിങ്ങ് ചടങ്ങുകൾക്ക് സ്റ്റുഡിയോ വേദിയാകുമെന്നാണ് പറയപ്പെടുന്നത്. രൺബീറിന്റെ വസതിയായ 'വാസ്തു' വിൽ വെച്ചായിരിക്കും വിവാഹം നടക്കുകയെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കപൂർ കുടുംബത്തിൻ്റെ കേന്ദ്രമായ കൃഷ്ണരാജ് ബംഗ്ലാവും ശ്രദ്ധാ കേന്ദ്രമായിരിക്കുന്നു.