ദിലീപിനെ കാണാൻ ജയിലിൽ പോയത് സുരേഷ് കൃഷ്ണ, താൻ ഒപ്പം പോയതല്ല, നിർബന്ധിതനായി അകത്ത് കേറിയതാണ്: സംവിധായകൻ രഞ്ജിത്ത്
ആലുവ ജയിലിൽ കഴിയവേ നടൻ ദിലീപിനെ കാണാൻ നടൻ സുരേഷ് കൃഷ്ണയാണ് പോയതെന്ന് സംവിധായകൻ രഞ്ജിത്ത്. കോഴിക്കോട് നിന്നും തിരിച്ചുവരുന്നതിനിടെ ആലുവയിൽ എത്തിയപ്പോൾ തനിക്കൊപ്പം കാറിൽ ഉണ്ടായിരുന്ന നടൻ സുരേഷ് കൃഷ്ണ ദിലീപിനെ കാണാൻ പത്ത് മിനിറ്റ് കാർ നിർത്താൻ അഭ്യർഥിച്ചു. താൻ കാറിൽ തന്നെ ഇരിക്കുകയായിരുന്നു.
സുരേഷ് കൃഷ്ണ ജയിലിൽ എത്തുന്ന വിവരം അറിഞ്ഞ പത്രക്കാർ അവിടെ ഉണ്ടായിരുന്നു. ജയിലിന് പുറത്തു നിന്ന താൻ, പത്രക്കാർ സമീപിച്ചതോടെ അവരുടെ ചോദ്യങ്ങൾ ഒഴിവാക്കാനാണ് അകത്ത് കടന്നത്. ജയിൽ സൂപ്രണ്ടുമായി സംസാരിച്ചു നിൽക്കുന്നതിനിടയിൽ ദിലീപ് വന്നപ്പോൾ അയാളെ ഒന്ന് വിഷ് ചെയ്യുക മാത്രമാണ് ചെയ്തത്. സുരേഷ് കൃഷ്ണയും ദിലീപും മാറിനിന്ന് സംസാരിച്ചു.
തനിക്കെതിരെ വ്യാപകമായ അപവാദ പ്രചരണമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നതെന്ന് രഞ്ജിത്ത് ആരോപിച്ചു. താൻ ദിലീപിൻ്റെ പക്ഷം പിടിച്ച് ഇന്നേവരെ സംസാരിച്ചിട്ടില്ല. അയാൾക്ക് വേണ്ടി എഴുതിയിട്ടില്ല. പ്രസംഗിച്ചിട്ടില്ല. അന്തിച്ചർച്ചകളിൽ വന്നിരുന്ന് അയാളെ ന്യായീകരിച്ചിട്ടില്ല. എന്നിട്ടും തന്നെ അധിക്ഷേപിക്കുകയാണ്. ചില ഓൺലൈൻ മാധ്യമങ്ങളാണ് അപവാദ പ്രചരണത്തിന് പിന്നില്ലെന്നും രഞ്ജിത്ത് കുറ്റപ്പെടുത്തി.