റിയൽ ലൈഫിൽ 'ഗെഹ്‌രായിയാന്‍' ചുംബനം പുനരാവിഷ്കരിച്ച് രൺവീറും ദീപികയും; വൈറലായി ഇൻസ്റ്റഗ്രാം ചിത്രം

ഭർത്താവ് രൺവീർ സിങ്ങാണ് തൻ്റെ ഏറ്റവും വലിയ ചിയർ ലീഡർ എന്ന് ദീപിക പറയുന്നത് വെറുതെയല്ല. പുതിയ ചിത്രമായ ഗെഹ്‌രായിയാനിലെ ഭാര്യയുടെ പ്രകടനത്തെപ്പറ്റി എത്രയൊക്കെ വർണിച്ചിട്ടും രൺവീറിന് മതിയാവുന്നില്ലെന്ന് അതിശയോക്തി ചൊരിഞ്ഞുള്ള ആ വാക്കുകൾ തന്നെ തെളിവ് നൽകും.

"ടൂർ ഡി ഫോഴ്സ്. അതീന്ദ്രിയവും അതിശ്രേഷ്ഠവും ഉദാത്തവും! എന്തൊരു സമ്പൂർണ മാസ്റ്റർ ക്ലാസ് പ്രകടനം, ബേബി! സൂക്ഷ്മവും ഹൃദ്യവും ഗംഭീരവുമായ കലാവൈഭവം. സമ്പൂർണവും നിസ്തുലവും അതിശകരമാംവിധം മികച്ചതും! നിന്നെയോർത്ത് അഭിമാനം കൊള്ളുന്നു" എന്നെല്ലാം വാഴ്ത്തുവാക്കുകളുടെ ആറാട്ടുകളിയാണ് രൺവീറിൻ്റെ ഇൻസ്റ്റഗ്രാം കുറിപ്പിൽ ഉടനീളം കാണാനാവുന്നത്.

ഹാ ഡൂബേ ഹാ ഡൂബേ തൂജെ മേൻ യഹാൻ, ഹാ ഡൂബേ ഉഫ് യെഹ് ഗെഹ്‌രായിയാന്‍ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിലേതുപോലെ പ്രണയത്തിൽ പരസ്പരം മുങ്ങിമരിക്കുന്ന വിധത്തിലുള്ള ചുംബന ചിത്രം കൂടി പങ്കുവെച്ചു കൊണ്ടാണ് രൺവീറിൻ്റെ പോസ്റ്റ്.

ആമസോൺ പ്രൈമിലാണ് ഗെഹ്‌രായിയാന്‍ സ്ട്രീം ചെയ്യുന്നത്. കസിൻ്റെ പ്രതിശ്രുതവരനെ പ്രണയിക്കുന്ന അലീഷ എന്ന കഥാപാത്രത്തെയാണ് ദീപിക ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കസിൻ ടിയ ആയി അനന്യ പാണ്ഡെയും അവരുടെ പ്രതിശ്രുത വരൻ സെയ്ൻ ആയി യുവതാരം സിദ്ധാന്ത് ചതുർവേദിയും അഭിനയിക്കുന്നു. അലീഷയുടെ ആറുവർഷത്തെ പങ്കാളിയായ കരൺ എന്ന കഥാപാത്രത്തെയാണ് ധൈര്യ കർവ അവതരിപ്പിക്കുന്നത്. ശകുൻ ബത്രയാണ് സംവിധാനം. കരൺ ജോഹർ നിർമിച്ച ചിത്രത്തിൽ നസീറുദ്ദീൻ ഷാ, രജത് കപൂർ എന്നിവരും ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നു.

Related Posts