എയർ ഇന്ത്യ യാത്രക്കാർക്ക് രത്തൻ ടാറ്റയുടെ സ്വാഗത സന്ദേശം

എയർ ഇന്ത്യ ഫ്ലൈറ്റുകളിലെ യാത്രക്കാർക്ക് സ്വാഗത സന്ദേശവുമായി രത്തൻ ടാറ്റ. നീണ്ട 69 വർഷത്തിന് ശേഷം എയർ ഇന്ത്യയുടെ നിയന്ത്രണം കമ്പനിയുടെ കൈയിൽ വന്നതിനെ തുടർന്നാണ് യാത്രികർക്ക് സ്വാഗതം അരുളിക്കൊണ്ടുള്ള ടാറ്റ സൺസ് എമിരിറ്റസ് ചെയർമാൻ്റെ സന്ദേശം വന്നിരിക്കുന്നത്. ഫ്ലൈറ്റുകളിൽ കേൾപ്പിച്ച ഓഡിയോ സന്ദേശം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

എയർ ഇന്ത്യയുടെ പുതിയ കസ്റ്റമേഴ്സിനെ ടാറ്റ ഗ്രൂപ്പ് സ്വാഗതം ചെയ്യുന്നു. മികച്ച സൗകര്യവും കാര്യക്ഷമമായ സേവനവും ഉറപ്പാക്കി യാത്രക്കാർ തിരഞ്ഞെടുക്കുന്ന എയർലൈനാക്കി എയർ ഇന്ത്യയെ മാറ്റാൻ ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നതിൽ ആഹ്ലാദിക്കുന്നതായി രത്തൻ ടാറ്റ പറഞ്ഞു.

നിയന്ത്രണം സർക്കാർ ഏറ്റെടുത്ത് ഏഴ് പതിറ്റാണ്ടിന് ശേഷമാണ് എയർ ഇന്ത്യ ഔദ്യോഗികമായി ടാറ്റ ഗ്രൂപ്പിലേക്ക് തിരിച്ചെത്തുന്നത്. 1932-ലാണ് ടാറ്റ എയർലൈൻസ് സ്ഥാപിക്കുന്നത്. 1946-ൽ എയർ ഇന്ത്യ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1953-ൽ സർക്കാർ വിമാനക്കമ്പനിയുടെ നിയന്ത്രണം ഏറ്റെടുത്തെങ്കിലും 1977 വരെ ജെആർഡി ടാറ്റ അതിന്റെ ചെയർമാനായി തുടർന്നു.

Related Posts