റേഷൻ വ്യാപാരികൾ കടയടപ്പ് സമരത്തിൽ നിന്നും പിന്മാറി; ഭക്ഷ്യമന്ത്രിയുമായി നടത്തിയ ചർച്ച വിജയം
തിരുവനന്തപുരം: കമ്മിഷൻ വിഷയവുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾ കടയടയ്ക്കൽ സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ സംസ്ഥാന ഭക്ഷ്യമന്ത്രി അനിൽ വിളിച്ചുചേർത്ത ചർച്ച വിജയം. ഇതോടെ സമരത്തിൽ നിന്ന് പിൻമാറുമെന്നും താൽപ്പര്യമില്ലെങ്കിലും പ്രശ്നം പരിഹരിക്കാനാണ് സമരം പ്രഖ്യാപിച്ചതെന്നും റേഷൻ വ്യാപാരികളുടെ സംഘടനകൾ അറിയിച്ചു. റേഷൻ വ്യാപാരികൾക്ക് കമ്മിഷൻ 49 ശതമാനമാക്കാനുള്ള സിവിൽ സപ്ലൈസ് കമ്മീഷണറുടെ ഉത്തരവ് പിൻവലിക്കാമെന്ന് ചർച്ചയിൽ മന്ത്രി ഉറപ്പുനൽകി. ഫണ്ടിന്‍റെ അഭാവം മൂലമാണ് ഒക്ടോബർ കമ്മിഷൻ ഭാഗികമായി അനുവദിച്ച് ഉത്തരവായതെന്ന് മന്ത്രി പറഞ്ഞു. നടപ്പ് സാമ്പത്തിക വർഷം (2022-23) റേഷൻ ഡീലേഴ്സ് കമ്മിഷൻ ചെലവിനായി 216 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ഈ ആവശ്യത്തിന് ഇത് പര്യാപ്തമായിരുന്നു. എന്നാൽ, കേന്ദ്രസർക്കാരിന്റെ പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം അനുവദിച്ച ഭക്ഷ്യ ധാന്യങ്ങളുടെ വിതരണത്തിന് കമ്മിഷനായി നൽകേണ്ട തുക ബജറ്റ് വിഹിതത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. റേഷൻ വ്യാപാരികൾക്ക് പ്രതിമാസം ശരാശരി 15 കോടി രൂപ കമ്മിഷനായി ആവശ്യമാണ്. പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരമുള്ള ഭക്ഷ്യധാന്യ കമ്മിഷൻ കൂടി ചേർത്തപ്പോൾ ഏകദേശം 28 കോടി രൂപ വേണ്ടിവന്നു. ഇതും സെപ്റ്റംബർ മാസം വരെ മുടക്കമില്ലാതെ വ്യാപാരികൾക്ക് നൽകിയിരുന്നു. സെപ്റ്റംബർ വരെ 105 കോടി രൂപ നൽകേണ്ടിയിരുന്ന സ്ഥാനത്ത് റേഷൻ വ്യാപാരികൾക്ക് 196 കോടി രൂപയാണ് കമ്മിഷനായി നൽകിയത്. ഇക്കാരണത്താൽ ഒക്ടോബർ മാസത്തെ കമ്മിഷൻ പൂർണ്ണമായും നൽകാൻ ധനവകുപ്പ് അധിക തുക അനുവദിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് ഭക്ഷ്യവകുപ്പ് ധനവകുപ്പിന് നിർദ്ദേശം നൽകുകയും ഒക്ടോബർ മാസത്തെ കമ്മിഷൻ പൂർണമായും വിതരണം ചെയ്യാമെന്ന് മന്ത്രി യോഗത്തെ അറിയിക്കുകയും ചെയ്തു.