ക്രിപ്‌റ്റോ കറൻസികൾ നിരോധിക്കണമെന്ന് ആർ ബി ഐ ഡെപ്യൂട്ടി ഗവർണർ

ക്രിപ്‌റ്റോ കറൻസികൾ പോൻസി സ്കീമുകൾക്ക് സമാനമാണെന്നും അവ നിരോധിക്കുന്നതാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും യുക്തിസഹമായ നടപടിയെന്നും റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ടി രവി ശങ്കർ.

ക്രിപ്റ്റോ കറൻസി നിക്ഷേപങ്ങളിലെ അപകടത്തെ ചൂണ്ടിക്കാട്ടി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് കഴിഞ്ഞ ആഴ്ച രംഗത്തെത്തിയിരുന്നു. 17-ാം നൂറ്റാണ്ടിൽ നെതർലൻഡ്‌സിലുണ്ടായ ഊഹക്കച്ചവട കുമിളയെ പരാമർശിച്ച്, ഒരു ടുലിപ്പിന്റെ പോലും അടിസ്ഥാന മൂല്യം ഇല്ലാത്തവയാണ് ക്രിപ്റ്റോ കറൻസികൾ എന്നായിരുന്നു ഗവർണറുടെ മുന്നറിയിപ്പ്.

"ക്രിപ്‌റ്റോകറൻസികൾ ഒരു കറൻസി, ആസ്തി അഥവാ ചരക്ക് എന്ന നിലയിൽ നിർവചിക്കുന്നതിന് അനുയോജ്യമല്ല. അവയ്ക്ക് അടിസ്ഥാനപരമായ ധനമൂല്യമില്ല. അവ പോൻസി സ്കീമുകൾക്ക് സമാനമാണ്, അല്ലെങ്കിൽ അതിനേക്കാൾ മോശമാണ്," റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ പറഞ്ഞു.

പുതിയ നിക്ഷേപകരിൽ നിന്നുള്ള ഫണ്ടുകൾ ഉപയോഗപ്പെടുത്തി പഴയ നിക്ഷേപകർക്ക് ലാഭം നൽകുന്ന തട്ടിപ്പാണ് പോൻസി സ്കീമുകൾ. നിയമാനുസൃതമായ ബിസ്നസ് പ്രവർത്തനങ്ങളിൽ നിന്നാണ് ലാഭം വരുന്നതെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പോൻസി സ്കീമുകൾ നിക്ഷേപകരെ വഞ്ചിക്കുന്നത്. പഴയ നിക്ഷേപകരിൽ നിന്നുള്ള ഫണ്ട് എടുത്താണ് തങ്ങൾക്ക് ലാഭം തരുന്നതെന്ന് പുതിയ നിക്ഷേപകർ അറിയുന്നില്ല. പുതിയ നിക്ഷേപകർ പുതിയ ഫണ്ടുകൾ സംഭാവന ചെയ്യുന്നിടത്തോളം കാലം സുസ്ഥിരമായ ബിസ്നസ് എന്ന മിഥ്യാധാരണ നിലനിർത്താൻ ഒരു പോൻസി സ്കീമിന് കഴിയും.

Related Posts