റിപ്പോ നിരക്ക് വർദ്ധിപ്പിച്ച് ആർബിഐ; 9 മാസത്തിനിടെ പലിശനിരക്ക് ഉയരുന്നത് ആറാം തവണ
ന്യൂഡൽഹി: ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്ക് റിസർവ് ബാങ്ക് (ആർബിഐ) വർദ്ധിപ്പിച്ചു. റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിച്ചതോടെ മൊത്തം നിരക്ക് 6.5 ശതമാനമായി ഉയർന്നു. ഇതോടെ ബാങ്കുകൾ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് വർദ്ധിപ്പിക്കും. ഫലത്തിൽ വായ്പകളുടെ പ്രതിമാസ തിരിച്ചടവോ അല്ലെങ്കിൽ തിരിച്ചടവ് കാലയളവോ വർദ്ധിക്കും. ബാങ്ക് സ്ഥിര നിക്ഷേപ പലിശയും ഉയരാൻ സാധ്യതയുണ്ട്. ഒമ്പത് മാസത്തിനിടെ ഇത് ആറാം തവണയാണ് പലിശ നിരക്ക് ഉയരുന്നത്. റിസർവ് ബാങ്കിന്‍റെ പണനയ സമിതി യോഗത്തിന് ശേഷമാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പലിശനിരക്കുകൾ പ്രഖ്യാപിച്ചത്.