ആർബിഐയുടെ വിദേശനാണ്യ ശേഖരത്തില്‍ 1.1 ബില്യണ്‍ ഡോളറിന്റെ ഇടിവ്
ന്യൂഡല്‍ഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ 1.1 ബില്യൺ ഡോളറിന്റെ ഇടിവ്. നവംബർ 4 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തിന്‍റെ വിദേശനാണ്യ ശേഖരം 529.99 ബില്യൺ ഡോളറാണ്. ഒക്ടോബർ 28ലെ കണക്കുകൾ അനുസരിച്ച് വിദേശനാണ്യ കരുതൽ ശേഖരത്തിൽ 6.6 ബില്യണ്‍ ഡോളറിന്‍റെ വർദ്ധനവുണ്ടായിരുന്നു. റിസർവ് ബാങ്കിന്‍റെ സ്വർണ്ണ ശേഖരത്തിൽ കുറവുണ്ടായതാണ് നിലവിലെ ഇടിവിന് കാരണം. നിലവിൽ, രാജ്യത്തെ സ്വർണ്ണ ശേഖരം 705 ദശലക്ഷം ഡോളർ ഇടിഞ്ഞ് 37.06 ബില്യൺ ഡോളറിലെത്തി. വിദേശ കറന്‍സിയില്‍ 120 ദശലക്ഷം ഡോളറിന്റെ ഇടിവ് രേഖപ്പെടുത്തി. 470.73 മില്യൺ ഡോളറാണ് ഇന്ത്യയുടെ കൈയിലുള്ള വിദേശ കറൻസിയുടെ മൂല്യം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഡോളറിനെതിരെ ഇന്ത്യൻ രൂപ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 0.04 ശതമാനം ഉയർന്നിരുന്നു. റഷ്യ-ഉക്രൈൻ യുദ്ധത്തിന്‍റെ തുടക്കം മുതൽ രാജ്യത്തിന്‍റെ വിദേശനാണ്യ ശേഖരം കുത്തനെ ഇടിഞ്ഞു. 2022 ഫെബ്രുവരി 25ന് ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 631.53 ബില്യൺ ഡോളറായിരുന്നു. ഒക്ടോബറിൽ പുറത്തിറക്കിയ ആർബിഐ ബുള്ളറ്റിനിൽ 8.7 മാസത്തെ ഇറക്കുമതിക്കുള്ള പണം (532.9 ബില്യൺ ഡോളർ) കൈവശമുണ്ടെന്നാണ് പറയുന്നത്. 2021 നവംബറിൽ, 15 മാസത്തെ ഇറക്കുമതിക്ക് ആവശ്യമായ വിദേശനാണ്യ ശേഖരം ഇന്ത്യയുടെ പക്കലുണ്ടായിരുന്നു.