ബ്രഹ്മപുരത്ത് ഏത് അന്വേഷണം നേരിടാനും തയ്യാർ: കൊച്ചി മേയർ എം അനിൽ കുമാർ
കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിൽ ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്ന് കൊച്ചി മേയർ എം അനിൽ കുമാർ. കരാറിൽ ഒരിടത്തും ഇടപെട്ടിട്ടില്ലെന്ന് പറഞ്ഞ മേയർ പ്രതിസന്ധി മറികടക്കാൻ എല്ലാവരും സഹകരിക്കണമെന്നും അഭ്യർത്ഥിച്ചു. മാലിന്യത്തിന് തീപിടിച്ചതാണോ അതോ ആരെങ്കിലും തീയിട്ടതാണോ, മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനുമായി കോർപ്പറേഷൻ നൽകിയ കരാറിൽ വൻ അഴിമതി നടന്നിട്ടുണ്ടോ, തുടങ്ങി കോർപ്പറേഷൻ ഭരണസമിതിക്കെതിരെ ഉയർന്ന നിരവധി ചോദ്യങ്ങൾക്ക് മറുപടിയായാണ് മേയർ അനിൽ കുമാറിന്‍റെ വിശദീകരണം. കൊച്ചി നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ രാഷ്ട്രീയ ഭേദമന്യേ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. എന്നാൽ ബ്രഹ്മപുരം വിഷയം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സംഭവിച്ച ഗുരുതരമായ അശ്രദ്ധ ശ്രദ്ധിക്കപ്പെടാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച അഗ്നിശമന കർമ്മ പദ്ധതി പരാജയമാണെന്നും ആസൂത്രണം കാര്യക്ഷമമല്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കൊച്ചിയിൽ തുടരുന്ന അനാസ്ഥയുമായി ബന്ധപ്പെട്ട് കോൺഗ്രസ് കൊച്ചിയിൽ സംഘടിപ്പിച്ച ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു വി ഡി സതീശൻ. ആരോഗ്യ- പരിസ്ഥിതി രംഗത്തെ പ്രമുഖർ ചർച്ചയിൽ പങ്കെടുത്തു.