മുലയൂട്ടുന്ന അമ്മമാരിലും കുഞ്ഞുങ്ങളിലും കൊവിഡ് വാക്സിൻ്റെ ഗുരുതരമായ പാർശ്വഫലങ്ങളില്ലെന്ന് പഠനം
മുലയൂട്ടാത്ത സ്ത്രീകളിൽ നേരത്തേ റിപ്പോർട്ട് ചെയ്ത പാർശ്വഫലങ്ങൾ തന്നെയാണ്മുലയൂട്ടുന്ന സ്ത്രീകളിലും കാണുന്നതെന്ന് വാക്സിൻ പാർശ്വഫലത്തെ കുറിച്ചുള്ള പഠനഫലം. ഫൈസർ, മോഡേണ വാക്സിനുകൾ എടുത്ത മുലയൂട്ടുന്ന അമ്മമാരിൽ നടത്തിയ പഠന റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ. മുലപ്പാൽ കുടിക്കുന്ന ശിശുക്കളിൽ ഗുരുതരമായ പാർശ്വഫലങ്ങളൊന്നും കാണുന്നില്ലെന്നും പഠനം പറയുന്നു.
ബ്രെസ്റ്റ് ഫീഡിങ്ങ് മെഡിസിൻ ജേണലിലാണ് പഠനഫലങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഫൈസർ-ബയോൺടെക് വാക്സിനോ മോഡേണ വാക്സിനോ എടുത്ത 180 ഓളം മുലയൂട്ടുന്ന അമ്മമാരിൽ നടന്ന പഠനത്തിൽ, 85 ശതമാനം പേരിലും നേരിയ പാർശ്വഫലങ്ങളാണ് കാണപ്പെട്ടത്. കൈവേദന, ഇഞ്ചക്ഷൻ എടുത്ത ഭാഗത്ത് ചൊറിച്ചിൽ, ചുവന്ന അടയാളം, പേശീവേദന, പനി, ഛർദി എന്നിവ അനുഭവപ്പെട്ടതായി ഭൂരിഭാഗം പേരും പറഞ്ഞു. എന്നാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായി ആരും പരാതിപ്പെട്ടില്ല.മുലയൂട്ടുന്ന അമ്മമാരിലും കുഞ്ഞുങ്ങളിലും കോവിഡ് വാക്സിൻ്റെ ഗുരുതരമായ പാർശ്വഫലങ്ങളില്ലെന്നാണ് പഠനം തെളിയിക്കുന്നതെന്ന് ഗവേഷകർ അവകാശപ്പെട്ടു. അതിനാൽ വാക്സിൻ സ്വീകരിക്കാൻ അവർ മടി കാട്ടേണ്ടതില്ല. അമ്മമാർക്കും കുഞ്ഞുങ്ങൾക്കും വാക്സിനേഷൻ തികച്ചും സുരക്ഷിതമാണ്.