യുകെ പ്രധാനമന്ത്രി ലിസ് ട്രസിനെ പുറത്താക്കാന്‍ വിമത നീക്കം ശക്തം
ലണ്ടൻ: നികുതി ഇളവുകൾ പ്രഖ്യാപിച്ച് സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയതിന് പിന്നാലെ യു കെ പ്രധാനമന്ത്രി ലിസ് ട്രസിനെതിരായ വിമതനീക്കം ശക്തം. ട്രസിനെതിരെ മത്സരിച്ച ഇന്ത്യൻ വംശജൻ ഋഷി സുനക്കിനെ നേതാവാക്കാനും വിമതർ ആലോചിക്കുന്നുണ്ട്. അതേസമയം, തന്നെ പുറത്താക്കാൻ ശ്രമിച്ചാൽ തിരഞ്ഞെടുപ്പിലേക്ക് പോകേണ്ടിവരുമെന്ന് ട്രസ് മുന്നറിയിപ്പ് നൽകി. നൂറിലധികം കൺസർവേറ്റീവ് പാർട്ടി എംപിമാർ ട്രസിൽ വിശ്വാസമില്ലെന്ന് കാണിച്ച് കത്തെഴുതാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. കൺസർവേറ്റീവ് പാർട്ടി കമ്മിറ്റി തലവനായ ഗ്രഹാം ബ്രാഡിക്ക് ഇവർ ഉടൻ കത്ത് നൽകിയേക്കും. പാർട്ടിയുടെ നിയമം പരിഷ്കരിച്ച് ട്രസിന്റെ നേതൃത്വത്തിൽ വിശ്വാസമില്ലെന്നു കാട്ടാനായി അവിശ്വാസ വോട്ടിന് അവസരം നൽകണമെന്ന് ഇവർ ആവശ്യപ്പെടുന്നു. എന്നാൽ, പുതുതായി നിയമിതനായ ധനമന്ത്രി ജെറമി ഹണ്ടിനും ട്രസിനും ബജറ്റ് അവതരിപ്പിക്കാനും രാജ്യത്തിന്‍റെ സാമ്പത്തിക തന്ത്രം രൂപപ്പെടുത്താനുള്ള അവസരം നൽകണമെന്നുമാണ് ബ്രാഡിയുടെ നിലപാട്.