റോഡ് നിർമാണത്തിൽ പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്ന തരത്തിൽ നൂതന മാർഗങ്ങൾ അവലംബിക്കും : മന്ത്രി പി എ മുഹമ്മദ് റിയാസ്
തൃശൂർ: പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്ന തരത്തിൽ റോഡുകൾ പണിയാനായി നൂതന മാർഗങ്ങൾ അവലംബിക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. റീ ബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തിയ വാഴക്കോട് - പ്ലാഴി സംസ്ഥാന പാതയുടെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ മുഴുവൻ റോഡുകളുടെയും കാലാവധി പരസ്യപ്പെടുത്താൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. കരാറുകാരന്റെയും ഉദ്യോഗസ്ഥന്റെയും വിവരങ്ങൾ ഉൾപ്പെടെയാണ് പ്രസിദ്ധപ്പെടുത്തുക. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഡ്രൈനേജ് സംവിധാനത്തിന്റെ അപര്യാപ്തതയാണ് സംസ്ഥാനത്തെ റോഡുകളുടെ തകർച്ചയ്ക്കുള്ള പ്രധാന കാരണമെന്നും മന്ത്രി കൂട്ടിചേർത്തു.
ചടങ്ങിൽ പട്ടികജാതി-വർഗ -പിന്നാക്ക - ദേവസ്വം - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മായന്നൂർ - കുത്താമ്പുള്ളി പാലം, ദേശമംഗലം പാലം എന്നിവയുടെ അറ്റക്കുറ്റപ്പണികൾ സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രി ഉറപ്പ് നൽകിയതായി മന്ത്രി രാധാകൃഷ്ണൻ പറഞ്ഞു.
വാഴക്കോട് സെന്ററിൽ നിന്ന് തുടങ്ങി മുള്ളൂർക്കര - പാഞ്ഞാൾ - ചേലക്കര - പഴയന്നൂർ - കൊണ്ടാഴി ഗ്രാമപഞ്ചായത്തുകളിലൂടെ കടന്ന് പ്ലാഴി പാലം വരെ 22.72 കിലോമീറ്ററാണ് റോഡിന്റെ ദൂരം. 142.58 കോടി രൂപയാണ് റോഡിനായി ചെലവിടുക. 7 മീറ്റർ ടാറിങ്ങ്, ഡ്രെയിനേജ്, നൂതന സുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തിയാണ് നിർമ്മാണം. 18 മാസം കൊണ്ട് പണി പൂർത്തിയാക്കാനാണ് കരാർ. തുടർന്ന് 5 വർഷം പരിപാലനവും കരാറുകാരുടെ ചുമതലയാണ്.
മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ മേലേടത്ത്, മുൻ എം എൽ എ യു ആർ പ്രദീപ്, ജില്ലാ പഞ്ചായത്ത് മെമ്പർ വള്ളത്തോൾ ഡിവിഷൻ പി സാബിറ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വി നഫീസ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം അഷറഫ്, പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി തങ്കമ്മ, ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കെ പത്മജ, പഴയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ മുരളീധരൻ, കൊണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശശിധരൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.