മാലിന്യങ്ങളെ സ്വീകരിക്കുന്നത് സി പി എമ്മിൻ്റെ രാഷ്ട്രീയ പാപ്പരത്തം: കെ സുധാകരൻ
കോൺഗ്രസ്സിൽ നിന്ന് പുറത്തുപോയ മാലിന്യങ്ങളെ സ്വീകരിച്ചത് സി പി എമ്മിൻ്റെ രാഷ്ട്രീയ പാപ്പരത്തം മൂലമാണെന്ന് കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ. ചങ്ങനാശ്ശേരി ബിഷപ്പ് ഹൗസിൽ സന്ദർശനം നടത്തിയതിനു ശേഷം മാധ്യമ പ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാർട്ടിയിൽ നിന്ന്പുറത്തുപോയവരെ മാലിന്യങ്ങൾ എന്ന് സുധാകരൻ വിശേഷിപ്പിച്ചത്.
പാർട്ടിയിൽ നിന്ന് പുറത്തുപോയവരാരും നേതാക്കളല്ലെന്ന് കോൺഗ്രസ് പ്രസിഡൻ്റ് പരിഹസിച്ചു. നേതാക്കളാണെങ്കിൽ കൂടെ അണികൾ കാണും. ഇപ്പോൾ സി പി എമ്മിൽ ചേക്കേറിയവരാരും നേതാക്കൾ എന്ന വിശേഷണത്തിന് അർഹരല്ല. നേതാക്കൾ ആയിരുന്നെങ്കിൽ അവർക്കൊപ്പം ആയിരങ്ങൾ ഉണ്ടാവുമായിരുന്നു. നൂറ് പേരുപോയിട്ട് പത്തുപേരെപ്പോലും കൂടെ കൂട്ടാൻ അവർക്കാർക്കും കഴിവില്ല. അങ്ങനെയുള്ളവരെ നേതാക്കളെന്ന് വിശേഷിപ്പിക്കരുത്. എ കെ ജി സെൻ്ററിൻ്റെ പടി കയറിപ്പോയ നേരത്ത് മൂന്നാളും ഒറ്റയ്ക്കായിരുന്നു. കൈ ചുമലിൽ വെയ്ക്കാൻ പോലും ആളില്ലാത്തവരാണ് പോയത്. കോൺഗ്രസ്സിൽ നിന്ന് പുറം തള്ളുന്ന മാലിന്യങ്ങളെ സ്വീകരിക്കേണ്ട ഗതികേടിലാണ് സി പി എം എന്ന് സുധാകരൻ പരിഹസിച്ചു.
ചങ്ങനാശ്ശേരി ബിഷപ്പിനെ കണ്ടത് സമവായ ശ്രമത്തിൻ്റെ ഭാഗമായല്ല. ബിഷപ്പിനെ സന്ദർശിക്കാൻ നേരത്തേ തന്നെ ആഗ്രഹിച്ചിരുന്നു. ഇപ്പോൾ അതിനുള്ള സന്ദർഭവും ഒത്തുവന്നു. മതേതരത്വത്തിന് വെല്ലുവിളി ഉയർത്തുന്ന സന്ദർഭങ്ങളെ പ്രതിരോധിക്കേണ്ടത് ഞങ്ങളുടെ കടമയാണ്. കോൺഗ്രസ്സ് സ്വന്തം നിലയിൽ അതിൻ്റെ പങ്ക് നിർവഹിക്കും. സമവായത്തിന് മുൻകൈ എടുക്കേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്തമാണ്. എന്നാൽ സ്വന്തം ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി കോൺഗ്രസ് പ്രസിഡൻ്റ് കുറ്റപ്പെടുത്തി.