ശബരിമലയിൽ ഈ സീസണിലെ റെക്കോർഡ് രജിസ്ട്രേഷൻ; വരും ദിവസങ്ങളിൽ തിരക്കേറും
ശബരിമല: ശബരിമലയിൽ തീർത്ഥാടക പ്രവാഹം. ഇന്ന് ദർശനത്തിനായി രജിസ്റ്റർ ചെയ്തത് 1,04,478 പേർ. നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിരുന്ന തീർത്ഥാടകരാണിവർ. വെർച്വൽ ക്യൂ സംവിധാന പ്രകാരം ഈ സീസണിലെ റെക്കോർഡ് രജിസ്ട്രേഷനാണിത്. ഇന്നലെ മുതൽ കുട്ടികൾക്കും പ്രായമായവർക്കും ഭിന്നശേഷിക്കാർക്കുമായി നടപന്തലിന്‍റെ ആരംഭം മുതൽ പതിനെട്ടാം പടി വരെ ഹൈക്കോടതി നിർദ്ദേശിച്ച പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. തിരക്ക് വലിയ തോതിൽ വർദ്ധിച്ചാൽ തീർഥാടകരെ ഘട്ടം ഘട്ടമായി കടത്തിവിടുന്നത് അടക്കമുള്ള നിയന്ത്രണങ്ങൾ ഉണ്ടാവും. മലയിൽ നിന്ന് മടങ്ങുന്നവർ പമ്പയിൽ കുടുങ്ങാതിരിക്കാൻ കൂടുതൽ ബസ് സർവീസുകൾ ആരംഭിച്ചതായി ദേവസ്വം ബോർഡ് അറിയിച്ചു. ക്രിസ്മസ് അവധി ദിനങ്ങളുടെ പശ്ചാത്തലത്തിലും മണ്ഡലപൂജയോട് അനുബന്ധിച്ചും വരും ദിവസങ്ങളിൽ തിരക്ക് വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ.