രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്; ആറുമാസത്തിനിടെ ഇത്രയും കുറവ് ആദ്യം
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപെടുത്തി. 862 കൊവിഡ് -19 കേസുകളാണ് ചൊവ്വാഴ്ച ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. ആറുമാസത്തിനിടെ ഇതാദ്യമായാണ് കൊവിഡ് കേസുകളുടെ എണ്ണം ഇത്രയും കുറയുന്നത്. തിങ്കളാഴ്ച 1334 കൊവിഡ്-19 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം നിലവിൽ 22,549 സജീവ കേസുകളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,786 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ത്യയിൽ ഇതുവരെ 4,46,44,938 കൊവിഡ്-19 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അഞ്ച് ലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. 22,549 പേർ രോഗമുക്തി നേടിയതോടെ നിലവിലെ രോഗമുക്തി നിരക്ക് 98.76 ശതമാനമാണ്. ഇന്ത്യയിൽ 12-നും 14-നും ഇടയിൽ പ്രായമുള്ള 4.12 കോടി ആളുകൾ ആദ്യ ഡോസും 3.23 കോടി പേർ രണ്ടാം ഡോസും സ്വീകരിച്ചു. അതേസമയം, 15-നും 18-നും ഇടയിൽ പ്രായമുള്ള 6.20 കോടി ആളുകൾ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. 5.33 കോടി പേർ രണ്ടാം ഡോസും സ്വീകരിച്ചു.