വൈന്തല ഓക്സ്ബോ തടാകം പുനർജ്ജനിക്കുന്നു
മാള: കേരളത്തിലെ ഏക ഓക്സ്ബോ തടാകമായ വൈന്തല ഓക്സ്ബോ തടാകം പുനർജ്ജനിക്കുന്നു. ജില്ലയിലെ ഏറ്റവും വലിയ തണ്ണീർത്തട പദ്ധതിയായ വെണ്ണൂർതുറ നീർത്തട സംരക്ഷണ പദ്ധതിയുടെ ഭാഗമായിട്ടാണ് കാടുകുറ്റി പഞ്ചായത്തിലെ വൈന്തല ഓക്സ്ബോ തടാകവും സംരക്ഷിക്കാനുള്ള നടപടികളായത്.
ഇതിന്റെ ഭാഗമായി തടാകത്തിലേയ്ക്ക് സുഗമമായി എത്തിച്ചേരാനുള്ള വഴിയും അനുബന്ധ പാലവും നിർമ്മിക്കും. തടാകത്തിന്റെ ആഴം കൂട്ടി വേണ്ട സംരക്ഷണം നൽകും. ടൂറിസത്തിന്റെ സാധ്യതയും മുന്നിൽ കണ്ടുള്ള പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്.
പുഴകൾ ഗതിമാറി ഒഴുകുന്നതുമൂലം രൂപം കൊള്ളുന്ന തടാകങ്ങളാണ് ഓക്സ്ബോ തടാകങ്ങൾ. നിരവധി ജൈവ വൈവിദ്ധ്യങ്ങളുടെ കലവറ കൂടിയാണ് ഓരോ ഓക്സ്ബോ തടാകങ്ങളും.
വെണ്ണൂർതുറ നവീകരണവുമായി ബന്ധപ്പെട്ട സർവ്വെ നടപടികൾ കാടുകുറ്റി, അന്നമനട പഞ്ചായത്തുകളിൽ ആരംഭിച്ച് കഴിഞ്ഞു. ഓക്സ്ബോ തടാകം മുതൽ കുഴൂർ പഞ്ചായത്തിലെ കരിങ്കാട്ടിച്ചാലിൽ അവസാനിക്കുന്നതാണ് വെണ്ണൂർതുറ നീർത്തട സംരക്ഷണ പദ്ധതി. കാടുകുറ്റി, അന്നമനട, കുഴൂർ, മാള എന്നീ നാല് പഞ്ചായത്തുകളിലായി ഇത് വ്യാപിച്ചുകിടക്കുന്നു.
25 കോടി ചെലവിലാണ് പദ്ധതി പൂർത്തീകരിക്കുക. ജില്ലാ പഞ്ചായത്ത് ഇതിനായി 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. നബാർഡും മറ്റ് അനുബന്ധ വകുപ്പുകളും പദ്ധതിക്കായി സാമ്പത്തിക സഹായം നൽകുന്നു. ടൂറിസം, കൃഷി, ജലസേചനം, ഫിഷറീസ് എന്നിവയാണ് പദ്ധതിയിൽ വരുന്ന പ്രധാന വകുപ്പുകൾ.