ലോക കേരള സഭയുടെ മേഖലാ സമ്മേളനം ഇന്ന് ലണ്ടനിൽ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ലണ്ടൻ: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ലണ്ടൻ സന്ദർശിക്കും. ലോക കേരള സഭയുടെ യുകെ-യൂറോപ്പ് മേഖലാ സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി രാജീവ്, വി ശിവൻകുട്ടി, വീണാ ജോർജ് എന്നിവരും ലോക കേരള സഭയിൽ പങ്കെടുക്കും. ഇന്ന് വൈകിട്ട് നടക്കുന്ന മലയാളി പ്രവാസി സംഗമത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. പ്രമുഖ മലയാളി വ്യവസായി എംഎ യൂസഫലിയും പരിപാടിയിൽ പങ്കെടുക്കും. മുഖ്യമന്ത്രി നാളെ കാർഡിഫ് സർവകലാശാല സന്ദർശിക്കും. മലയാളി നഴ്സുമാർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുന്ന തരത്തിലുള്ള കരാറിൽ മുഖ്യമന്ത്രി ഒപ്പുവെക്കും. അടുത്ത ദിവസം യുകെയിലെ മലയാളി ബിസിനസ് സമൂഹവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. കാൾ മാക്സിന്‍റെ ശവകുടീരവും മഹാത്മാഗാന്ധിയുടെ പ്രതിമയും അദ്ദേഹം ഇന്നലെ സന്ദർശിച്ചു. അതേസമയം, മുഖ്യമന്ത്രിയുടെ യൂറോപ്യൻ പര്യടനം നോർവേ കടന്ന് ബ്രിട്ടനിൽ എത്തുമ്പോഴും അദ്ദേഹത്തിന്‍റെ യാത്രയെച്ചൊല്ലിയുള്ള തർക്കം അവസാനിച്ചിട്ടില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബാംഗങ്ങളെ വിദേശപര്യടനത്തിന് കൊണ്ടുപോയതിനെതിരെയും ന്യായീകരിച്ചും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടക്കുകയാണ്.