അസംഘടിത മേഖലയിൽ പ്രവർത്തിയ്ക്കുന്ന തൊഴിലാളികൾക്കായി വലപ്പാട് ഗ്രാമപഞ്ചായത്തിൽ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
വലപ്പാട്: അസംഘടിത മേഖലയിൽ പ്രവർത്തിയ്ക്കുന്ന തൊഴിലാളികളുടെ ദേശീയ ഡാറ്റ ബേയ്സ് തയ്യാറാക്കുന്നതിനുള്ള രജിസ്ട്രേഷൻ ക്യാമ്പിൻ്റെ പഞ്ചായത്ത്തല ഉദ്ഘാടനം വലപ്പാട് ഗ്രാമപഞ്ചായത്തിൽ പ്രസിഡണ്ട് ഷിനിത ആഷിഖ് നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് വി ആർ ജിത്ത്,സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തപതി മറ്റു ജനപ്രതിനിധികൾ, അക്ഷയ പ്രവർത്തകർ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു. അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർക്കായ് കേന്ദ്ര സർക്കാർ നൽകുന്ന ഏകീകൃത തിരിച്ചറിയൽ കാർഡ് ലഭ്യമാക്കുന്നതിനുള്ള രജിസ്ട്രേഷൻ ക്യാമ്പാണിത്. എടമുട്ടത്തും വലപ്പാടും പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങൾ സഹകരിച്ചാണ് വലപ്പാട് പഞ്ചായത്തിൽ രജിസ്ട്രേഷൻ ക്യാംമ്പ് നടത്തുന്നത്. 16 മുതൽ 59 വയസ്സ് വരെയുള്ള ഇ എസ് ഐ, പി എഫ് ആനുകൂല്യമില്ലാത്തവരും നികുതി അടയ്ക്കാത്തവരുമായ എല്ലാ അസംഘടിത തൊഴിലാളികൾക്കും രജിസ്റ്റർ ചെയ്യാവുന്നതാണ്. മറ്റു ദിവസങ്ങളിൽ സൗകര്യപ്രദമായ അക്ഷയ കേന്ദ്രങ്ങൾ വഴി രജിസ്ട്രേഷൻ നടത്താവുന്നതാണ്. ആധാർ കാർഡ്, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ ഫോൺ, ബാങ്ക് പാസ്ബുക്ക്, നോമിനിയെ ചേർക്കുന്നതിനായി നോമിനിയുടെ ആധാറും ജനന തിയ്യതിയും എന്നീ രേഖകൾ രജിസ്ട്രേഷന് ആവശ്യമാണ്.