വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് പുനരധിവാസ വാഗ്ദാനം; പകരം സ്ഥലം നല്‍കും
വിഴിഞ്ഞം: പ്രതിഷേധങ്ങൾക്കിടെ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾക്ക് പുനരധിവാസം നൽകുമെന്ന് സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്തു. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി മൃഗസംരക്ഷണ വകുപ്പിന്‍റെ മുട്ടത്തറയിലെ 17.5 ഏക്കർ ഭൂമി കൈമാറാൻ തീരുമാനിച്ചു. തുറമുഖ നിർമ്മാണത്തിൽ നഷ്ടപ്പെട്ട ഭൂമിക്ക് പകരം ഭൂമി നൽകാൻ മന്ത്രിമാരുടെ യോഗത്തിൽ ധാരണയായി. ഈ മാസം 22നകം ഇക്കാര്യത്തിൽ അന്തിമതീരുമാനം കൈക്കൊള്ളും. വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം നിർത്തിവച്ച് ശാസ്ത്രീയ പഠനം നടത്തി വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കണമെന്നാണ് അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളുടെ ആവശ്യം. കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന മാർച്ചിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. ഇതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്.