കൊവിഡ് പ്രതിസന്ധിക്കിടയിലും റെക്കോഡ് നേട്ടം കൈവരിച്ച് റിലയൻസ്; സെപ്റ്റംബർ പാദത്തിൽ 13,680 കോടി രൂപ അറ്റലാഭം

രാജ്യത്തെ ഏറ്റവും ആസ്തി മൂല്യമുളള കമ്പനിയായ റിലയൻസിന്റെ അറ്റലാഭത്തിൽ വൻ വർധനവ്. സെപ്റ്റംബർ പാദത്തിൽ 13,680 കോടി രൂപയാണ് റിലയൻസിന്റെ ലാഭം. പോയ വർഷം ഇതേ പാദത്തിൽ നേടിയതിനെ അപേക്ഷിച്ച് 42.99 ശതമാനം വർധനവാണ് കമ്പനി രേഖപ്പെടുത്തിയത്.
എണ്ണ ഉത്പന്നങ്ങളിലെ വർധിച്ച ഡിമാൻഡാണ് കമ്പനിക്ക് അധികനേട്ടം സമ്മാനിച്ചത്. നടപ്പ് പാദത്തിൽ കമ്പനിയുടെ വരുമാനം 1.74 ലക്ഷം കോടി രൂപയാണ്. പോയവർഷം ഇതേ പാദത്തിൽ കമ്പനി നേടിയിരുന്നത് 1.16 ലക്ഷം കോടി രൂപയായിരുന്നു.
കൊവിഡ് പ്രതിസന്ധിയുടെ കാലത്തും കമ്പനിക്ക് അധിക നേട്ടം കൈവരിക്കാൻ കഴിഞ്ഞതിൽ അതീവ സന്തോഷവാനാണെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിങ്ങ് ഡയറക്റ്ററുമായ മുകേഷ് അംബാനി പ്രതികരിച്ചു. കമ്പനിയുടെ ആന്തരിക ശക്തിയെയാണ് ഇത് കാണിക്കുന്നത്. കൊവിഡിന് മുമ്പുള്ള സമയത്തെ അപേക്ഷിച്ച് ബിസ്നസിന്റെ മുഴുവൻ മേഖലകളിലും നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു.