മോദിയുടെ ചിത്രം വേണ്ട, പകരം സുപ്രീം കോടതിയുടെ ചിത്രം; ഔദ്യോഗിക ഇ മെയിലിൽ നിന്ന് പ്രധാനമന്ത്രിയുടെ ഫോട്ടോ നീക്കം ചെയ്യണമെന്ന് സുപ്രീം കോടതി

ഫൂട്ടർ ഭാ​ഗത്ത് ഉൾപ്പെടുത്തിയിട്ടുള്ള സബ്കാ സാത്ത്, സബ്കാ വിശ്വാസ് എന്ന മുദ്രാവാക്യവും പ്രധാനമന്ത്രിയുടെ ചിത്രവും നീക്കം ചെയ്യണമെന്നാണ് നിർദേശം.

ന്യൂഡൽഹി: സുപ്രീം കോടതിയുടെ ഔദ്യോഗിക ഇ മെയിലിന്റെ ഫൂട്ടർ ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രവും കേന്ദ്ര സർക്കാരിന്റെ മുദ്രാവാക്യവും എടുത്തു മാറ്റാൻ സുപ്രീം കോടതിയുടെ നിർദേശം. സബ്കാ സാത്ത്, സബ്കാ വിശ്വാസ് എന്ന മുദ്രാവാക്യവും പ്രധാനമന്ത്രിയുടെ ചിത്രവും ആണ് ഫൂട്ടർ ഭാ​ഗത്ത് ഉൾപ്പെടുത്തിയിരുന്നത്. ഇത് നീക്കം ചെയ്യാനാണ് സുപ്രീം കോടതിയുടെ ഔദ്യോഗിക മെയിലിന്റെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്ന നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇ മെയിലിന്റെ ഫൂട്ടർ ആയി സുപ്രീം കോടതിയുടെ ചിത്രം ഉപയോഗിക്കാനും നിർദ്ദേശത്തിലുണ്ട്.

സുപ്രീം കോടതി അയയ്ക്കുന്ന ഏത് മെയിലിനൊപ്പവും ഇവ ഉണ്ടാകും. ജുഡീഷ്യറിയുടെ പ്രവർത്തനവുമായി യാതൊരു ബന്ധവുമില്ലാത്ത ചിത്രങ്ങൾ സുപ്രീം കോടതിയുടെ ഇ മെയിലിനൊപ്പം നൽകുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

Related Posts