ഇനി റെനില്‍ വിക്രമസിംഗെ ശ്രീലങ്കന്‍ പ്രസിഡണ്ട്
ശ്രീലങ്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ റനില്‍ വിക്രമസിംഗെ വിജയിച്ചു. നിലവില്‍ ആക്ടിംഗ് പ്രസിഡണ്ടാണ് അദ്ദേഹം. റനില്‍ അധികാരമൊഴിയണമെന്ന് ജനങ്ങള്‍ പ്രതിഷേധമുയര്‍ത്തുന്നതിനിടെയാണ് അദ്ദേഹത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കുന്നത്.
രജപക്‌സെ സഹോദരന്മാര്‍ക്കെതിരേയുണ്ടായ ജനരോഷം അതേയളവില്‍ റനില്‍ വിക്രമസിംഗെയ്‌ക്കെതിരേയും ഉണ്ടായിരുന്നു. റനിലിനെ തിരഞ്ഞെടുത്തത് ജനങ്ങള്‍ അംഗീകരിക്കില്ലെന്ന സൂചനയാണിപ്പോള്‍ ലഭിക്കുന്നത് . നാടുവിട്ട് ഓടിയ ശേഷം പ്രസിഡണ്ട് പദം രാജിവച്ച ഗോതബയ രജപക്‌സെയോട് അടുപ്പമുള്ള വ്യക്തിയാണ് റനില്‍. ഗോതബയയുടെ ശുപാര്‍ശയിലാണ് റനില്‍ ആക്ടിംഗ് പ്രസിഡന്റായി മാറുന്നത്. രജപക്‌സെ സഹോദരന്മാര്‍ നിയന്ത്രിക്കുന്ന ശ്രീലങ്കയിലെ ഭരണപക്ഷ പാര്‍ട്ടിയുടെ പിന്തുണയിലാണ് റനില്‍ വിജയിച്ചത്. രജപക്‌സെയുടെ നയങ്ങളെ അനുകൂലിക്കുന്ന ആരേയും ജനങ്ങള്‍ അനുകൂലിക്കാനിടയില്ല. അങ്ങനെയെങ്കില്‍ ശ്രീലങ്കയിലെ സ്ഥിതി ഇനിയും കലുഷിതമായി തുടരും
പാര്‍ലമെന്റ് ചേംബറിന് പുറത്ത് തന്നെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്ന് പ്രസിഡന്റ് റനില്‍ വിക്രമസിംഗെ സ്പീക്കറോട് അഭ്യര്‍ത്ഥിച്ചു. എല്ലാ പാര്‍ട്ടികളുമായും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക സുസ്ഥിരതയ്ക്കാാണ് താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ഫലം വന്ന ശേഷം പറഞ്ഞു.
കേവല ഭൂരിപക്ഷത്തിന് 110 വോട്ടുകളായിരുന്നു വേണ്ടത് എങ്കിലും 134 വോട്ടുകള്‍ റനില്‍ നേടി. രണ്ടാമതെത്തിയ ഡള്ളസ് അലഹപ്പെരുമ 82വോട്ടുകളും നേടി. കേവലം 3 വോട്ടുകളാണ് അനുര കുമാര ദിസനായകെയ്ക്ക് നേടാനായത്.