റെനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി; വൈകിട്ട് 6.30ന് സത്യപ്രതിജ്ഞ
സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച വലിയ ജനകീയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ശ്രീലങ്കയ്ക്ക് പുതിയ പ്രധാനമന്ത്രി. മുന്‍ പ്രധാനമന്ത്രിയും യുഎന്‍പി നേതാവുമായ റെനില്‍ വിക്രമസിംഗെയാകും പുതിയ പ്രധാനമന്ത്രിയാകുക. വിക്രമസിംഗെയുടെ സത്യപ്രതിജ്ഞ വൈകിട്ട് 6.30ന് നടക്കും. പ്രസിഡണ്ട് ഗോതബായ രജപക്‌സെയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം.
വൈകിട്ട് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രി കൊളംബോയിലെ ക്ഷേത്രം സന്ദര്‍ശിക്കും. 1994 മുതല്‍ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ തലവനാണ് റനില്‍ വിക്രമസിംഗെ. ഇതുവരെ 4 തവണ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായിട്ടുണ്ട്. എഴുപതുകളില്‍ രാഷ്ട്രീയത്തിലിറങ്ങിയ റനില്‍ 1977ല്‍ ആദ്യമായി എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. 1993ല്‍ ആദ്യമായി പ്രധാനമന്ത്രിയാകുന്നതിന് മുമ്പ്, വിദേശകാര്യ ഉപമന്ത്രി, യുവജന, തൊഴില്‍ മന്ത്രി തുടങ്ങി നിരവധി സ്ഥാനങ്ങളിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
രജപക്‌സെ കുടുംബവുമായി നല്ലബന്ധമാണ് റെനില്‍ വിക്രമസിംഗെ പുലര്‍ത്തിയിരുന്നത്. പുതിയതായി രൂപീകരിക്കുന്ന സര്‍ക്കാരില്‍ രജപക്‌സെകള്‍ ഉള്‍പ്പെടില്ലെന്നും പ്രസിഡണ്ട് ഗോതബായ രജപക്‌സെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. പുതിയ പ്രധാനമന്ത്രിയും മന്ത്രിസഭയും ഈ ആഴ്ച തന്നെ അധികാരമേല്‍ക്കുമെന്നാണ് ഗോതബായ രജപക്‌സെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. പാര്‍ലമെന്റിന് കൂടുതല്‍ അധികാരം അനുവദിക്കുന്ന വിധത്തില്‍ ഭരണഘടന ഭേദഗതി ചെയ്യുമെന്നും പ്രസിഡണ്ട് പ്രഖ്യാപിച്ചിരുന്നു.