വിഖ്യാത മാർക്സിസ്റ്റ്‌ ചിന്തകൻ ഐജാസ് അഹമ്മദ് അന്തരിച്ചു

വിഖ്യാത മാർക്സിസ്റ്റ്‌ ചിന്തകനും നിരൂപകനും രാഷ്ട്രീയ നിരീക്ഷകനുമായ ഐജാസ് അഹമ്മദ് (81) അന്തരിച്ചു. രോഗബാധിതനായി ചികിത്സയിൽ ഇരിക്കേ കാലിഫോർണിയയിലെ വസതിയിൽ വെച്ചാണ് അന്ത്യം.

ലോകമെങ്ങും ചർച്ച ചെയ്യപ്പെട്ടവയാണ് ഐജാസ് അഹമ്മദിന്റെ കൃതികൾ. അമേരിക്കയടക്കം നിരവധി രാജ്യങ്ങളിലെ പ്രശസ്ത സർവകലാശാലകളിൽ വിസിറ്റിങ് പ്രൊഫസർ ആയിരുന്നു. യു സി ഇർവിൻ സ്കൂൾ ഓഫ് ഹ്യൂമാനിറ്റീസിൽ താരതമ്യ സാഹിത്യ വിഭാഗത്തിൽ ചാൻസലർ പ്രൊഫസറായിരുന്നു.

ഉത്തർപ്രദേശിലാണ് ഐജാസ് അഹമ്മദ് ജനിച്ചത്. വിഭജനത്തെ തുടർന്ന് കുടുംബം പാകിസ്താനിലേക്ക് കുടിയേറി. യു എസിലെയും കാനഡയിലെയും വിവിധ സർവകലാശാലകളിൽ ജോലി ചെയ്തിട്ടുണ്ട്. 2017-ൽ യു സി ഇർവിനിൽ ചേരുന്നതിന് മുമ്പ് ന്യൂഡൽഹിയിലെ നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയിലെ സെന്റർ ഓഫ് കണ്ടംപററി സ്റ്റഡീസിൽ ഫെലോ ആയിരുന്നു. ജവാഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലും ടൊറന്റോയിലെ യോർക്ക് യൂണിവേഴ്സിറ്റിയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഫ്രണ്ട്‌ലൈനിന്റെ എഡിറ്റോറിയൽ കൺസൾട്ടന്റായും ന്യൂസ്‌ക്ലിക്കിന്റെ സീനിയർ ന്യൂസ് അനലിസ്റ്റായും പ്രവർത്തിച്ചു.

ഇൻ തിയറി: ക്‌ളാസസ്, നേഷൻസ്, ലിറ്ററേച്ചേഴ്സ്; ഇൻ അവർ ടൈം: എംപയർ, പൊളിറ്റിക്സ്, കൾച്ചർ; ഇറാഖ്, അഫ്ഗാനിസ്താൻ ആൻഡ് ദി ഇമ്പീരിയലിസം ഓഫ് അവർ ടൈം; ഓൺ കമ്മ്യൂണലിസം ആൻഡ് ഗ്ലോബലൈസേഷൻ: ഒഫൻസീവ്സ് ഓഫ് ദി ഫാർ റൈറ്റ്; പ്രഭാത് പട്നായിക്, ഇർഫാൻ ഹബീബ് എന്നിവരുമായി ചേർന്നെഴുതിയ എ വേൾഡ് റ്റു വിൻ: എസ്സേയ്സ് ഓൺ ദി കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ തുടങ്ങിയവയാണ് പ്രധാന കൃതികൾ.

Related Posts