റൊണാൾഡോ വിട്ട മാഞ്ചസ്റ്റർ യുണൈറ്റഡിനെ വിൽക്കാൻ ഉടമകൾ ഒരുങ്ങുന്നതായി റിപ്പോർട്ട്
ലണ്ടന്‍: പുതിയ പരിശീലകൻ ടെൻ ഹാഗിനു കീഴിൽ തിരിച്ചുവരവിന്റെ വഴിയിലെത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിനെ വിൽക്കാൻ ഉടമകളായ ഗ്ലേസർ കുടുംബം. വിൽപനയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഉപദേഷ്ടാക്കളുമായി ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞതായി അമേരിക്കൻ കുടുംബം അറിയിച്ചു. ക്ലബും ഓൾഡ് ട്രാഫോഡ് ഉൾപ്പെടെ അനുബന്ധ നിക്ഷേപങ്ങളും വിൽപനയുടെ പരിധിയിൽ വരും. ക്ലബ് വാങ്ങാൻ താൽപര്യമുള്ളതായി കഴിഞ്ഞ ആഗസ്റ്റിൽ ബ്രിട്ടീഷ് അതിസമ്പന്നനായ ജിം റാഡ്ക്ലിഫ് വ്യക്തമാക്കിയിരുന്നു. അമേരിക്കൻ ശതകോടീശ്വരനായ എലോൺ മസ്കും ക്ലബ് വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചു. തുടർച്ചയായ അഞ്ചു വർഷമായി മുൻനിര കിരീടങ്ങളൊന്നുമില്ലാത്ത ക്ലബിന്റെ ഉടമസ്ഥാവകാശം മാറണമെന്ന് ആരാധകർ മുറവിളി തുടങ്ങിയിട്ട് ഏറെയായി. 2017ൽ യൂറോപ ലീഗും ലീഗ് കപ്പും നേടിയതാണ് അവസാനമായി ടീം മുത്തമിട്ട കിരീടങ്ങൾ. വിജയത്തോളം നയിക്കാൻ തക്ക മാറ്റങ്ങൾ ടീമിൽ ഉണ്ടാകാത്തതാണ് വില്ലനാകുന്നതെന്നായിരുന്നു വിമർശനം.