കേരളത്തിലെ ഗവേഷണ വിദ്യാർത്ഥികൾക്ക് വിദേശ ലാബുകളിലെ സൗകര്യങ്ങൾ ലഭ്യമാക്കും: മുഖ്യമന്ത്രി
സ്റ്റോക്ക്ഹോം: നോർവേയ്ക്ക് സമാനമായ രീതിയിൽ കേരളത്തിലെ ഗവേഷണ വിദ്യാർത്ഥികൾക്ക് മറ്റ് രാജ്യങ്ങളിലെ ലാബുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാക്കാൻ പദ്ധതികൾ തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നോർവേയിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്ക് മറ്റ് രാജ്യങ്ങളിലെ ലാബുകൾ ഉപയോഗിക്കാൻ അവസരമുണ്ട്. നമ്മുടെ രാജ്യത്തെ വിദ്യാർത്ഥികൾക്കും അത്തരം അത്യാധുനിക ഗവേഷണ സൗകര്യങ്ങൾ ലഭിക്കുകയാണെങ്കിൽ, ഗവേഷണത്തിന്‍റെ ഗുണനിലവാരം ഉയർത്താൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നോർവേയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരുടെയും മറ്റ് ഗവേഷണ വിദ്യാർത്ഥികളുടെയും ഒരു സംഘവുമായി ബെർജെനിൽ നടന്ന ആശയവിനിമയ പരിപാടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കേന്ദ്ര-കേരള സർക്കാരുകളുടെയും മറ്റ് ഭരണസമിതികളുടെയും ഫെലോഷിപ്പുകളും സ്കോളർഷിപ്പുകളും വിശദീകരിക്കുന്നതും, എല്ലാവർക്കും ലഭ്യമാകുന്നതുമായ വിവര സംവിധാനം ഒരുക്കും. ഈ ഫെലോഷിപ്പുകളെ കുറിച്ച് നാട്ടിലെ വിദ്യാർത്ഥികൾക്ക് വേണ്ടത്ര ധാരണയില്ലെന്ന അഭിപ്രായം വിദ്യാർത്ഥികൾ ഉയർത്തിയപ്പോഴാണ് ഇതിനായി പുതിയ സംവിധാനം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും സംസാരിച്ചത്. ഗവേഷണ വിദ്യാർത്ഥികൾക്കായി മുഖ്യമന്ത്രിയുടെ ഫെല്ലോഷിപ്പ് ഇപ്പോൾ കേരളത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. അവയ്ക്കൊപ്പം ഇക്കാര്യങ്ങളും ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. നോർവേയിലെ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചും കായിക മികവിനെക്കുറിച്ചും മുഖ്യമന്ത്രി വിദ്യാർത്ഥികളോട് ആരാഞ്ഞു. 5.5 ദശലക്ഷം ജനസംഖ്യയുള്ള നോർവേ കായികരംഗത്ത് എങ്ങനെ പുരോഗതി കൈവരിക്കുന്നു എന്നതിനെക്കുറിച്ച് അഭിപ്രായം പറയാൻ നോർവീജിയൻ മലയാളി സമൂഹത്തോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിദ്യാഭ്യാസ രംഗത്തെ പ്രത്യേകതകളെക്കുറിച്ചും വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന ചില പ്രായോഗിക പ്രശ്നങ്ങളെക്കുറിച്ചും അവർ വിശദീകരിച്ചു.