വളര്‍ത്തുപൂച്ച അധിനിവേശ ജീവിയെന്ന് പോളണ്ടിലെ ഗവേഷകർ; പ്രതിഷേധം
പോളണ്ട്: പൂച്ചകളെ അതിന്‍റെ ഭംഗി കാരണം മാത്രം ജീവിക്കുന്ന ഒരു ജീവി എന്നാണ് പലരും വിളിക്കുന്നത്. പേർഷ്യൻ പൂച്ച മുതൽ നാടൻ പൂച്ച വരെ, ആളുകൾ നമ്മുടെ നാട്ടിലും വളർത്താൻ ഇഷ്ട്ടപെടുന്നുണ്ട്. ഒരു പൂച്ചയെ ദിവസം മൂന്ന് നേരം തീറ്റിപ്പോറ്റുകയും ഉറങ്ങാൻ ഒരു മൂല നൽകുകയും ചെയ്തുകൊണ്ട് പൂച്ചയെ വളർത്തുന്നവർക്ക് ഈ ജീവി ഒരു ശല്യമല്ല. ഇതൊക്കെയാണെങ്കിലും, പൂച്ചകൾ ചിലപ്പോൾ പ്രശ്നക്കാരാണ്. ഇവിടെയല്ല, പോളണ്ടിലാണ്. പൂച്ചകൾ അധിനിവേശ ജീവികളാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പോളണ്ടിലെ ഗവേഷകർ. പൂച്ചകളെ ആക്രമണകാരികളായ മൃഗങ്ങളായി പ്രഖ്യാപിച്ചെന്ന റിപ്പോർട്ടുണ്ട്. പോളിഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നേച്ചർ ആണ് പൂച്ചകളെ കുറിച്ച് ഇത്തരമൊരു കണ്ടെത്തൽ നടത്തിയത്. ഇതോടെ, പോളണ്ടിലെ ആക്രമണാത്മക അധിനിവേശ ജീവികളുടെ പട്ടികയിലും പൂച്ച ഇടം നേടി. എന്നിരുന്നാലും, ഈ വിഷയം അന്താരാഷ്ട്ര ശ്രദ്ധ നേടിയതോടെ, പൂച്ച പ്രേമികൾ ശക്തമായ എതിർപ്പുകൾ ഉന്നയിക്കുകയാണ്. പൂച്ചകൾ, സാങ്കേതികമായി ഫെലിസ് കാറ്റസ് എന്ന് വിളിക്കുന്നു. പ്രാദേശിക ജീവികളെ, പ്രത്യേകിച്ച് പക്ഷികളെ ആക്രമിക്കുകയും അവയെ ഭക്ഷിക്കുകയും ചെയ്യുന്നു. ഇതാണ് പൂച്ചകളെ അധിനിവേശ ജീവികളുടെ പട്ടികയിലേക്ക് കൊണ്ടുവന്നത്. പോളിഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നേച്ചർ പുറത്തിറക്കിയ ഒരു ബ്ലോഗ് അനുസരിച്ച്, നൈൽ താഴ്വര മുതൽ തെക്കൻ മെസൊപ്പൊട്ടേമിയ വരെ വ്യാപിച്ചുകിടക്കുന്ന പുരാതന കിഴക്കൻ പ്രദേശങ്ങളിലെ നാഗരികതകളുടെ തൊട്ടിലുകളിൽ ഏകദേശം 10000 വർഷങ്ങൾക്ക് മുമ്പ് പൂച്ചകൾ വളർത്തുമൃഗങ്ങളായി വളരാൻ തുടങ്ങി. അതിനാൽ, യൂറോപ്പിലും പോളണ്ടിലും, പൂച്ചകളെ അധിനിവേശ ജീവികളായി പരിഗണിക്കണം എന്നാണ് അധികൃതർ വാദിക്കുന്നത്.