ദ്രാവിഡിനും വിശ്രമം; സിംബാബ്‌വെക്കെതിരെ ലക്ഷ്മൺ പരിശീലിപ്പിക്കും
മുംബൈ: മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിന് ബിസിസിഐ വിശ്രമം അനുവദിച്ചു. ഏഷ്യാ കപ്പിന് മുന്നോടിയായി പരിശീലകന് വിശ്രമം നൽകാനാണ് ബിസിസിഐയുടെ തീരുമാനം. സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യയുടെ മുഖ്യ പരിശീലകനായി വിവിഎസ് ലക്ഷ്മണിനെ നിയമിച്ചു. നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ പ്രസിഡന്‍റായ ലക്ഷ്മൺ നേരത്തെ അയർലൻഡിനെതിരായ ടി20 പരമ്പരയിലും ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 പരമ്പരയിലും ഇന്ത്യയെ പരിശീലിപ്പിച്ചിരുന്നു. ദ്രാവിഡിനെ കൂടാതെ ഇന്ത്യയുടെ ബാറ്റിങ് കോച്ച് വിക്രം റാത്തോഡ്, ബൗളിംഗ് കോച്ച് പരസ് മാംബ്രെ എന്നിവർക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. മുൻ താരങ്ങളായ സായ്രാജ് ബഹുതുലെ, ഹൃഷികേശ് കനിത്കർ എന്നിവരാണ് ഇരുവർക്കും പകരക്കാരായി എത്തുന്നത്. ദ്രാവിഡിന് കുറച്ച് ദിവസത്തെ വിശ്രമം അനുവദിച്ചിട്ടുണ്ടെന്നും ലക്ഷ്മൺ ഇന്ത്യൻ ടീമിനൊപ്പം സിംബാബ്‌വെയിലേക്ക് പോകുമെന്നും ജയ് ഷാ പറഞ്ഞു. "ദ്രാവിഡ് സിംബാബ്‌വെ പര്യടനത്തിന് പോയാൽ, 20 ന് ഏഷ്യാ കപ്പിനായി യുഎഇയിലേക്ക് പോകുന്ന ഇന്ത്യൻ ടീമിനൊപ്പം പോകാൻ അദ്ദേഹത്തിന് കഴിയില്ല. ഇത് കണക്കിലെടുത്ത്, ഞങ്ങൾ അദ്ദേഹത്തിന് വിശ്രമം നൽകാൻ തീരുമാനിച്ചു, "അദ്ദേഹം കൂട്ടിച്ചേർത്തു.