ഹോട്ട്‌ലൈൻ ബന്ധം പുന:സ്ഥാപിച്ച് ഉത്തര, ദക്ഷിണ കൊറിയകൾ
തെക്കൻ കൊറിയയ്ക്കും വടക്കൻ കൊറിയയ്ക്കും ഇടയിൽ മുടങ്ങിക്കിടക്കുന്ന ഹോട്ട്ലൈൻ ബന്ധം പുന:സ്ഥാപിച്ചതായി സോൾ. വടക്കൻ കൊറിയയുടെ മിസൈൽ പരീക്ഷണങ്ങൾ അന്താരാഷ്ട്ര തലത്തിൽ വാർത്തയായി ഏതാനും ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഇരുരാജ്യങ്ങൾക്കും ഇടയ്ക്കുള്ള ഹോട്ട്ലൈൻ ബന്ധം പുന:സ്ഥാപിക്കപ്പെടുന്നത് എന്നത് ശ്രദ്ധേയമാണ്. വടക്കൻ കൊറിയൻ മിസൈൽ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തിൽ യു എൻ സുരക്ഷാ സമിതി ഈയിടെ അടിയന്തര യോഗം ചേർന്നിരുന്നു.
ഇരുകൊറിയകളുടെയും പ്രതിനിധികൾ ഹോട്ട്ലൈനിലൂടെ സംസാരിച്ച് ബന്ധം പുന:സ്ഥാപിച്ചതായി സോൾ ഏകതാ മന്ത്രാലയമാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. തെക്കൻ വടക്കൻ കൊറിയകൾക്കിടയിൽ ആശയ വിനിമയം പുന:സ്ഥാപിക്കപ്പെട്ടത് പ്രതീക്ഷയുണർത്തുന്ന കാര്യമാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സംഘർഷങ്ങൾക്ക് അയവു വരുത്താനും ബന്ധങ്ങൾ മെച്ചപ്പെടുത്താനും ഇത് സഹായകമാവും.
കൊറിയൻ ഉപദ്വീപിൽ ശാശ്വതമായ സമാധാനം ഉറപ്പാക്കുന്നതിന് മുറിഞ്ഞുപോയ ഹോട്ട്ലൈൻ ബന്ധം പുന:സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്ന് കഴിഞ്ഞ ദിവസം ഉത്തര കൊറിയൻ നേതാവ് കിം ജോങ്ങ് ഉൻ പറഞ്ഞിരുന്നു. ഒരു വർഷത്തിലേറെയായി മുടങ്ങിക്കിടന്നിരുന്ന ഹോട്ട്ലൈൻ ബന്ധം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങൾ
കഴിഞ്ഞ ജൂലൈയിൽ നടന്നെങ്കിലും വടക്കൻ കൊറിയയുടെ നിസ്സഹകരണത്തെ തുടർന്ന് പരാജയപ്പെടുകയായിരുന്നു.