അന്താരാഷ്ട്ര സമ്മർദ്ദം; താലിബാൻ്റെ സ്ത്രീ വിരുദ്ധ നയത്തിൽ പുനരാലോചന

കാബൂള്‍: സ്ത്രീകൾക്ക് ജോലിയിൽ വിലക്ക് ഏർപ്പെടുത്തിയ തീരുമാനത്തിൽ പുനരാലോചനയുമായി താലിബാൻ. സന്നദ്ധ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ജോലി തുടരാൻ അവസരം നൽകുമെന്ന് താലിബാൻ അറിയിച്ചു. ഇതിനായി പുതിയ നയം കൊണ്ടുവരുമെന്ന് താലിബാൻ ഭരണകൂടം ഐക്യരാഷ്ട്ര സഭയെ അറിയിച്ചു. വിഷയത്തിൽ താലിബാനുമായി യുഎൻ നേരിട്ട് ചർച്ച നടത്തിയതിന് പിന്നാലെയാണ് നയമാറ്റം. തീരുമാനം മാറ്റുന്നതിൽ അന്താരാഷ്ട്ര സമ്മർദ്ദവും നിർണായകമായി. സന്നദ്ധ സേവന മേഖലയിൽ സ്ത്രീകളെ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് താലിബാൻ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ താലിബാൻ സർക്കാരിലെ ഒരു മുതിർന്ന മന്ത്രിയിൽ നിന്ന് തനിക്ക് ഉറപ്പ് ലഭിച്ചതായി യുഎൻ അണ്ടർ സെക്രട്ടറി ഗ്രിഫിത്‌സ് വ്യക്തമാക്കി. വിദ്യാഭ്യാസ, ഉദ്യോഗസ്ഥ മേഖലയിൽ നിന്ന് സ്ത്രീകളെ വിലക്കി കൊണ്ട് അടുത്തിടെയാണ് താലിബാൻ ഉത്തരവ് ഇറക്കിയത്. ഇതോടെ നിരവധി സന്നദ്ധ സംഘടനകൾക്ക് പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നു. അതിശൈത്യത്തിൽ 150 ഓളം പേർ മരിച്ചപ്പോളാണ് സന്നദ്ധ സംഘടനകളുടെ അഭാവം രാജ്യത്തെ വലിയ തോതിൽ ബാധിച്ചത്. സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയതോടെ നിരവധി രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും അഫ്ഗാനിസ്ഥാനിലേക്കുള്ള സഹായം താൽക്കാലികമായി നിർത്തിവച്ചിരുന്നു. തുടർന്നാണ് വിഷയത്തിൽ ഐക്യരാഷ്ട്രസഭ ഇടപെട്ടത്.

Related Posts