പഠനത്തിൻ്റെ എല്ലാ പ്രതിസന്ധികളെയും വിദ്യാര്‍ത്ഥികള്‍ പരാജയപ്പെടുത്തി - റവന്യൂമന്ത്രി കെ രാജന്‍
കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ പഠനത്തിൻ്റെ പല പ്രതിസന്ധികളെയും കോവിഡിനെയും പരാജപ്പെടുത്തി വിദ്യാര്‍ത്ഥികള്‍ നേടിയത് നൂറുമേനി വിജയമാണെന്ന് റവന്യൂ മന്ത്രി കെ.രാജന്‍. ഒല്ലൂര്‍ മണ്ഡലത്തിലെ എസ്എസ്എല്‍സി, പ്ലസ് ടു തലത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്കുള്ള എംഎല്‍എ വിദ്യാഭ്യാസ അവാര്‍ഡ് നല്‍കി സംസാരിക്കുകയായിരുന്നു മന്ത്രി. ആത്മാര്‍ത്ഥമായി പരിശ്രമിച്ചാല്‍ എത്തിപ്പിടിക്കാന്‍ കഴിയാത്തതായി ഒന്നുമില്ലെന്ന് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ പറഞ്ഞു. സാധാരണ സ്‌കൂളില്‍ പഠിച്ച് വലിയ സ്വപ്‌നങ്ങള്‍ എത്തിപ്പിടിച്ചതിന്റെ പിന്നിലെ പ്രയത്‌നത്തെക്കുറിച്ച് കലക്ടര്‍ കുട്ടികളോട് വിശദീകരിച്ചു. തിരിഞ്ഞു നോക്കുമ്പോള്‍ നല്ല മനുഷ്യനായി ജീവിച്ചു എന്ന് പറയാന്‍ കഴിയുന്നതാണ് വലിയ കാര്യം. കുട്ടനെല്ലൂര്‍ ബാങ്ക് ഹാളില്‍ നടന്ന പരിപാടിയില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു കലക്ടര്‍. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേട്ടമുള്ള കലക്ടര്‍ കുട്ടികള്‍ക്ക് മാതൃകയും വലിയ പ്രോത്സാഹനുമാണെന്ന് റവന്യൂ മന്ത്രി പറഞ്ഞു.
ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ 12 കേന്ദ്രങ്ങളിലായി 23, 24 തിയ്യതികളിലായി നടക്കുന്ന പരിപാടിയില്‍ വിവിധ എംഎല്‍എമാര്‍, കോര്‍പറേഷന്‍ മേയര്‍ എം കെ വര്‍ഗീസ്, ജില്ലാ കലക്ടര്‍ ഹരിതവികുമാര്‍, മുന്‍ മന്ത്രിമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കുന്നുണ്ട്. 23 ന് പുത്തൂര്‍ പള്ളി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് വിശിഷ്ടാതിഥിയായി. തുടര്‍ന്ന് മരത്താക്കര ബ്രൈറ്റ് പ്ലാസ ഹാളില്‍ നടന്ന പരിപാടിയില്‍ കെ കെ രാമചന്ദ്രന്‍ എംഎല്‍എ, കുട്ടനെല്ലൂര്‍ ബാങ്ക് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, ഇസാഫ് ബാങ്ക് എംഡി പോള്‍ കെ തോമസ് എന്നിവര്‍ മുഖ്യാതിഥികളായി. ഒല്ലൂര്‍ കോര്‍പറേഷന്‍ ഹാളില്‍ സി കെ ആശ എംഎല്‍എ, ചിയ്യാരം ഗോള്‍ഡ് ട്രേഡ് സെന്ററില്‍ കോര്‍പറേഷന്‍ മേയര്‍ എം കെ വര്‍ഗീസ്, നെടുപുഴ ബാങ്ക് ഹാളില്‍ സിനിമാതാരം ജയരാജ് വാര്യര്‍ എന്നിവരും വിശിഷ്ടാതിഥികളായി. നാളെയും ഒല്ലൂരിലെ വിവിധ പ്രദേശങ്ങളില്‍ പരിപാടി തുടരും.