കേരളത്തിൻ്റെ സാമൂഹ്യ അന്തരീക്ഷത്തേ മാറ്റിമറിച്ചതിൽ ശ്രീനാരായണ ഗുരുവിനുള്ള സ്ഥാനം ഉന്നതമാണ്; റവന്യൂ മന്ത്രി കെ രാജൻ

തൃശൂർ: കേരളത്തിൻ്റെ സാമൂഹ്യ അന്തരീക്ഷത്തേ മാറ്റിമറിച്ചത് നവോത്ഥാന പ്രസ്ഥാനമാണെന്നും അതിൽ ശ്രീനാരായണ ഗുരുവിനുള്ള സ്ഥാനം ഉന്നതമാണെന്നും റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ആലപ്പാട് ശ്രീ നാരായണ ഭക്തജന സമാജം സ്ഥാപിച്ചതിൻ്റെ ഒരു വർഷം നീണ്ട് നിൽക്കുന്ന നൂറാം വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂപരിഷ്ക്കരണ നിയമം കേരള സമൂഹത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾക്കു പിന്നിലും നവോത്ഥാന പ്രസ്ഥാനത്തിന് വലിയ പങ്കുണ്ടെന്നും മന്ത്രി പറഞ്ഞു. നവോത്ഥാന പ്രസ്ഥാനത്തിൻ്റെ കരുത്തിലാണ് വൈക്കത്തും ഗുരുവായൂരിലും പിന്നീട് മാറ്റങ്ങൾ സംഭവിച്ചത്. വീണ്ടുമൊരു നവ നവോത്ഥാനത്തിലേക്ക് പോകേണ്ടിവരുമോ എന്ന നിലയിലേക്കാണ് രാജ്യം ഭരിക്കുന്ന ഭരണകൂടം പോലും പോകുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സമാജം പ്രസിഡണ്ട് കെ കെ രാജേന്ദ്രബാബു അധ്യക്ഷനായ ചടങ്ങിൽ പെരിങ്ങോട്ടുകര ആശ്രമം സെക്രട്ടറി ബ്രഹമ സ്വരൂപാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി. ഡയാലിസിസ് രോഗികൾക്കുള്ള ജീവകാരുണ്യ ഫണ്ട് രാമനാഥപുരം ബിഷപ്പ് മാർ പോൾ ആലപ്പാട്ട്, ആവണക്കാട്ടുകളരിയിലെ അഡ്വ.എ യു രഘുരാമപണിക്കരിൽ നിന്ന് ഏറ്റുവാങ്ങി. സുന്നി യുവജന സംഘം സ്റ്റേറ്റ് സെക്രട്ടറി ഓണംപിള്ളി മുഹമ്മദ്ഫൈസി ആദ്യ കാല ശ്രീനാരയണിയരരെ ആദരിച്ചു. ചാഴൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ഇന്ദുലാൽ, ജനപ്രതിനിധികളായ പി കെ ഓമന, വിനിത ബെന്നി, ഷില്ലി ജിജുമോൻ, എസ് എൻ ഡി പി ആലപ്പാട്, ശാഖ സെക്രട്ടറി എൻ ആർ ജയപ്രകാശ് എന്നിവർ സംസാരിച്ചു. സമാജം സെക്രട്ടറി ടി എസ് പ്രതീഷ്കുമാർ സ്വാഗതവും വൈസ് പ്രസിഡൻ്റ് കെ എസ് ബോസ് നന്ദിയും പറഞ്ഞു.

Related Posts