ക്യാമ്പുകൾ തുറക്കാൻ നിർദേശം ലഭിച്ചിട്ടുള്ള പഞ്ചായത്തുകൾ സജ്ജമായിരിക്കണമെന്ന് റവന്യൂ മന്ത്രി കെ രാജൻ
തൃശ്ശൂർ: ക്യാമ്പുകൾ തുറക്കാൻ നിർദേശം ലഭിച്ചിട്ടുള്ള പഞ്ചായത്തുകൾ സജ്ജമായിരിക്കണമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ക്യാമ്പുകളിൽ വസ്ത്രം, കുടിവെള്ളം എന്നിവ ഉറപ്പാക്കണം. കോവിഡ് രോഗികൾക്ക് ഡി സി സി കളിൽ സൗകര്യമൊരുക്കണം. എല്ലാ ക്യാമ്പുകളിലും ക്വാറൻന്റെയിനിലുള്ളവർക്ക് പ്രത്യേക മുറികൾ തയ്യാറാക്കണം.
ജില്ലയിലെ ക്യാമ്പുകളുടെ പൊതു ചുമതല ഡെപ്യൂട്ടി കലക്ടർ ഉഷ ബിന്ദുമോൾക്ക് നൽകി. റവന്യൂ ഉദ്യോഗസ്ഥൻ, പഞ്ചായത്ത് പ്രതിനിധി, ഒരു പൊലീസ് നോഡൽ ഓഫീസർ എന്നിവരെ ഓരോ ക്യാമ്പിലും ഉറപ്പാക്കണം. ചാലക്കുടി പുഴയ്ക്ക് മാത്രമായി ഇരിങ്ങാലക്കുട ആർ ഡി ഓ എം എച്ച് ഹരീഷിനെ നോഡൽ ഓഫീസർ ആയി ചുമതലപ്പെടുത്തി. വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാർ അതത് പഞ്ചായത്തുകളിലെ സ്ഥിതിഗതികൾ വിലയിരുത്തി. മിക്ക പഞ്ചായത്തുകളിലും കൃഷി നാശം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നിലവിൽ ജില്ലയിൽ 16 ക്യാമ്പുകൾ ഉണ്ട്. 100 കുടുംബങ്ങളിലെ 341 പേർ ക്യാമ്പുകളിലെത്തി.
100 ഓളം കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി. ഷോളയാർ ഡാം ഷട്ടറുകൾ തുറക്കുന്ന സാഹചര്യത്തിൽ കൂടുതൽ പേരെ മാറ്റി പാർപ്പിക്കാനുള്ള നടപടികൾ തിരടന്നു വരികയാണ്