കിഫ്ബി പദ്ധതിയില്‍പെട്ട അക്കിക്കാവ് - കടങ്ങോട് - എരുമപ്പെട്ടി റോഡ് നിര്‍മ്മാണത്തിൽ അവശേഷിക്കുന്ന 5 കി.മീ ദൂരം ഡിസംബര്‍ 30 നകം പൂര്‍ത്തിയാക്കുന്നതിന് നിര്‍വ്വഹണം നടത്തുന്ന കെ ആര്‍ എഫ്ബി യോട് മന്ത്രി ആവശ്യപ്പെട്ടു.
അക്കിക്കാവ്-കടങ്ങോട്-എരുമപ്പെട്ടി റോഡ് ഡിസംബര്‍ 30 നകം പൂര്‍ത്തിയാക്കും: മന്ത്രി മുഹമ്മദ് റിയാസ്
കുന്നംകുളം: അക്കിക്കാവ് - കടങ്ങോട് - എരുമപ്പെട്ടി റോഡ് നിർമ്മാണം ഡിസംബർ 30 നകം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കുന്നംകുളം മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് ടൂറിസം പദ്ധതികളുടെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കുന്നംകുളം മണ്ഡലത്തിലെ കഴിഞ്ഞ കാലങ്ങളില്‍ അനുവദിച്ച വിവിധ പ്രവൃത്തികള്‍ വേഗത്തിലാക്കുന്നതിനായി എം എല്‍ എ എ സി മൊയ്തീന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് പൊതുമരാമത്ത്, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി നേരിട്ട് വിളിച്ചുചേര്‍ക്കുകയായിരുന്നു. എം എല്‍ എമാരായ എ സി മൊയ്തീന്‍, മുരളി പെരുനെല്ലി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്ത് നിര്‍ദ്ദേശങ്ങള്‍ നല്‍കി.
കിഫ്ബി പദ്ധതിയില്‍പെട്ട അക്കിക്കാവ് - കടങ്ങോട് - എരുമപ്പെട്ടി റോഡ് നിര്‍മ്മാണത്തിൽ അവശേഷിക്കുന്ന 5 കി.മീ ദൂരം ഡിസംബര്‍ 30 നകം പൂര്‍ത്തിയാക്കുന്നതിന് നിര്‍വ്വഹണം നടത്തുന്ന കെ ആര്‍ എഫ്ബി യോട് മന്ത്രി ആവശ്യപ്പെട്ടു. വാട്ടര്‍ അതോറിറ്റിയുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചതിന്‍റെ ഭാഗമായി വന്ന റിവൈസ്ഡ് എസ്റ്റിമേറ്റിന് അടുത്ത ആഴ്ചയോടെ അന്തിമ അനുമതി ലഭ്യമാക്കുന്നതിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2016 ലെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 9.4 കി.മി ദൂരമാണ് 10.10 കോടി രൂപ ചെലവില്‍ ആധുനിക ബി എം ബി സി ടാറിംഗ് നടത്തി നവീകരിക്കുന്നത്
കേച്ചേരി - അക്കിക്കാവ് ബൈപാസ് നവീകരണം സര്‍വ്വെ നടപടികള്‍ പൂര്‍ത്തിയായി നിര്‍മ്മാണോദ്ഘാടനത്തിന് സജ്ജമായതായി അറിയിച്ചു. 2016 കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 9.88 കി.മീ ദുരത്തില്‍ 32.67 കോടി രൂപ അടങ്കലിലാണ് കേച്ചേരി-അക്കിക്കാവ് ബൈപാസ് നിര്‍മ്മാണം നടക്കുന്നത്. കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള പ്രഥീന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന സ്ഥാപനമാണ് കെ ആര്‍ എഫ്ബി യുടെ മേല്‍നോട്ടത്തില്‍ പ്രവൃത്തി നിര്‍വ്വഹിക്കുന്നത്. ചൂണ്ടല്‍, ചൊവ്വന്നൂര്‍, കടങ്ങോട്, പോര്‍ക്കുളം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഈ ബൈപാസ് തൃശൂര്‍, മലപ്പുറം റൂട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ബൈപാസ്സുകളിലൊന്നാണ്.
2017 ലെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട കുന്നംകുളം നഗരവികസനവുമായി ബന്ധപ്പെട്ട റിംഗ് റോഡ് പദ്ധതിയും ജംഗ്ഷന്‍ വികസനവും സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കാന്‍ തീരുമാനമായി. സ്ഥലമേറ്റെടുക്കലിനാവശ്യമായ സാങ്കേതികാനുമതി ഉടനടി ലഭ്യമാക്കുന്നതിനും കല്ലിടല്‍ പ്രവൃത്തികള്‍ ഡിസംബര്‍ 20 നകം പൂര്‍ത്തിയാക്കാനും മന്ത്രി വകുപ്പ് തല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 90.34 കോടി രൂപയില്‍ നിര്‍ദ്ദേശിക്കപ്പെട്ട ജംഗ്ഷന്‍ വികസനവും 63.29 കോടി രൂപയില്‍ നിര്‍ദ്ദേശിക്കപ്പെട്ട റിംഗ് റോഡ് പദ്ധതിയും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കുന്നംകുളത്തിനായി ആവിഷ്കരിക്കപ്പെട്ട സുപ്രധാന പദ്ധതികളാണ്.
പിഡബ്ല്യുഡി റോഡ്സ് വിഭാഗം നിര്‍വ്വഹണം നടത്തി വരുന്ന കേച്ചേരി വേലൂര്‍ റോഡ് ജനുവരി മാസത്തില്‍ പൂര്‍ത്തിയാക്കുന്നതിന് തീരുമാനിച്ചു. കള്‍വര്‍ട്ടുകളുടേയും മറ്റ് അനുബന്ധ പ്രവൃത്തികളുടേയും നിര്‍മ്മാണം പൂര്‍ത്തിയായ പദ്ധതിയില്‍ 10 കി.മീ ദുരത്തില്‍ ബി എം ബി സി ടാറിംഗ് പ്രവൃത്തിയാണ് അവശേഷിക്കുന്നത്.
ചാവക്കാട് വടക്കാഞ്ചേരി സംസ്ഥാന പാതയില്‍ കുന്നംകുളം മുതല്‍ ചൊവ്വന്നൂര്‍ വരെയുള്ള ഭാഗവും കുണ്ടന്നൂര്‍ മുതല്‍ വടക്കാഞ്ചേരി വരെയുള്ള ഭാഗവും പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് അടിയന്തിര നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുണ്ടന്നൂര്‍ ജംങ്ഷന്‍ വികസനത്തിലും ചിറ്റണ്ട-തലശ്ശേരി റോഡ് നവീകരണത്തിലും അവശേഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഈ മാസം 14 ന് ആരംഭിക്കാനാകും. ഇതിന് പുറമേ കുന്നംകുളം മുതല്‍ ചാട്ടുകുളം വരെയുള്ള സംസ്ഥാനപാത നവീകരിക്കുന്നതിന് 1.6 കോടി രൂപ അധികമായി അനുവദിക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നടത്താനും തീരുമാനമായി.
പാത്രമംഗലം റോഡ്, വെട്ടിക്കടവ് റോഡ്, ചെറുവത്താനി റോഡ്, അത്താണി പുതുരുത്തി റോഡ് നിര്‍മ്മാണങ്ങള്‍ സമയബന്ധിതമായി ആരംഭിച്ച് പൂര്‍ത്തിയാക്കാനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.
പിഡബ്ല്യുഡി കെട്ടിടവിഭാഗം നിര്‍വ്വഹണം നടത്തുന്ന പദ്ധതികളില്‍ താലൂക്ക് ആസ്ഥാനം ചുറ്റുമതില്‍ നിര്‍മ്മാണം ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആസ്ഥാനമന്ദിരത്തിന്റെ ഡിസൈന്‍ തയ്യാറായിട്ടുള്ളതായും എസ്റ്റിമേറ്റും സാങ്കേതികാനുമതിയും രണ്ടാഴ്ചക്കകം ലഭ്യമാക്കി ടെണ്ടര്‍ നടപടികള്‍ ആരംഭിക്കുന്നതാണെന്നും അറിയിച്ചു.
നബാര്‍ഡ് ഫണ്ടുപയോഗിച്ച് നിര്‍മ്മിക്കുന്ന എരുമപ്പെട്ടി സി എച്ച് സി കെട്ടിടത്തിന് നവംബര്‍ 30 നകം സാങ്കേതികാനുമതി നല്‍കി നടപടികള്‍ ആരംഭിക്കുന്നതിനും തീരുമാനിച്ചു. കിഴൂര്‍ പോളിടെക്നികില്‍ ആരംഭിച്ചിട്ടുള്ള പുതിയ ബ്ലോക്കുകളുടെ നിര്‍മ്മാണം നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാകും.
വിനോദസഞ്ചാര വകുപ്പുമായി ബന്ധപ്പെട്ട് കലശമലയില്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ത്വരിതഗതിയിലാണെന്നും 21-22 ലെ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്ന ആനക്കയം ചിറ സംരക്ഷണ പ്രവൃത്തിയുടെ ഭരണാനുമതി വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്നും ടൂറിസം ഡയറക്ടര്‍ ഉറപ്പ് നല്‍കി.
അവലോകനയോഗത്തില്‍ പിഡബ്ല്യുഡി സെക്രട്ടറി സീറാം സാംബശിവറാവു, ടൂറിസം ഡയറക്ടര്‍ കൃഷ്ണ തേജ, ചീഫ് എൻജിനീയര്‍മാരായ അജിത് രാമചന്ദ്രന്‍ (റോഡ്സ്), മനോമോഹന്‍ (ബ്രിഡ്ജസ്), ഡിങ്കി (കെആര്‍എഫ്ബി/കെഎസ്ടിപി), ബീന (ബില്‍ഡിംഗ്സ്), ഹൈജീന്‍ ആല്‍ബര്‍ട്ട് (ഡിസൈന്‍), ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ സന്തോഷ് ലാല്‍, രാധാകൃഷ്ണപിള്ള, ജില്ലാ, ഡിവിഷന്‍ തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.