വിപ്ലവകരമായ മാറ്റം; ഐഎസ്ആർഒ ദൗത്യത്തെ പുകഴ്ത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഐഎസ്ആർഒ ദൗത്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഹിരാകാശ മേഖലയിൽ ഇന്ത്യ കൂടുതൽ കരുത്താർജ്ജിച്ചു. സ്വകാര്യ മേഖലയ്ക്ക് പ്രാതിനിധ്യം നൽകിയതോടെ വിപ്ലവകരമായ മാറ്റത്തിനാണ് സാക്ഷ്യം വഹിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. ബഹിരാകാശ മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ കാത്തിരിക്കുന്നു. യുവാക്കൾ അവ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും ശക്തമായ ഇന്ത്യൻ വിക്ഷേപണ വാഹനമായ ജിഎസ്എൽവി മാർക്ക് 3യുടെ ആദ്യ വാണിജ്യ വിക്ഷേപണത്തിൽ 16 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിച്ചു. ഈ മാസം 23നാണ് ബ്രിട്ടീഷ് ഇന്‍റർനെറ്റ് സേവന ദാതാക്കളായ വൺവെബിന്‍റെ 36 ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ അഭിമാന വാഹനം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിന്‍റെ വിക്ഷേപണത്തറയിൽ നിന്ന് പറന്നുയർന്നത്. ആദ്യ ഘട്ടങ്ങൾ വിജയകരമായി പൂർത്തിയായതായി ഐഎസ്ആർഒ അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായി 16 ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലെത്തിച്ചത്. ശേഷിക്കുന്ന 20 ഉപഗ്രഹങ്ങൾ വേർതിരിക്കുന്നത് ഒരു നീണ്ട പ്രക്രിയയാണെന്നും ഡാറ്റ ലഭ്യമാകാൻ കുറച്ച് സമയമെടുക്കുമെന്നും ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു.

Related Posts