ദീപിക പദുകോണിനും ആലിയ ഭട്ടിനും 15 കോടി, കത്രീന കയ്ഫിന് 12 കോടി; ബോളിവുഡിലെ താര റാണിമാരുടെ പ്രതിഫലം
ബോളിവുഡിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടി ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമല്ല, രണ്ട് ഉത്തരങ്ങളുണ്ട്. 15 കോടി രൂപയാണ് താര റാണിമാരായ ദീപിക പദുകോണും ആലിയ ഭട്ടും വാങ്ങുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.
ഗെഹ്‌രായിയാന്‍ എന്ന ചിത്രത്തിലെ തകർപ്പൻ പ്രകടനത്തിലൂടെ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ദീപിക. തുടരെത്തുടരെ സൂപ്പർ ഹിറ്റുകൾ സമ്മാനിക്കുന്ന ഭാഗ്യതാരമാണ് ആലിയ ഭട്ട്. 15 കോടി രൂപയാണ് ഇരുവരും പ്രതിഫലമായി വാങ്ങുന്നതെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.
സിനിമയെക്കാൾ വിക്കി കൗശലുമായുള്ള വിവാഹത്തിലൂടെ കഴിഞ്ഞ വർഷത്തെ വാർത്താ താരമായി മാറിയ കത്രീന കയ്ഫിൻ്റെ പ്രതിഫലം 12 കോടി രൂപയാണ്. കരീന കപൂറും 12 കോടി രൂപയാണ് ഒരു ചിത്രത്തിന് വാങ്ങുന്നതെന്ന് വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.
മറ്റ് പ്രമുഖ താരങ്ങളുടെ പ്രതിഫലം താഴെ പറയുന്ന വിധത്തിലാണ്. പ്രിയങ്ക ചോപ്ര, അനുഷ്ക ശർമ (8 കോടി), ശ്രദ്ധ കപൂർ (7 കോടി), തപ്സി പന്നു (5 കോടി), വിദ്യ ബാലൻ (4 കോടി), കൃതി സനോൺ (4 കോടി), കിയാര അദ്വാനി, ജാക്വിലിൻ ഫെർണാണ്ടസ് (2.5 കോടി), ദിശ പട്ടാനി, ജാഹ്നവി കപൂർ, സാറ അലി ഖാൻ (2 കോടി), അനന്യ പാണ്ഡെ (1.5 കോടി).