ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം സഹോദരങ്ങളെന്ന് റിമി ടോമി
തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ് സഹോദരങ്ങളായ റിങ്കു ടോമിയും റീനു ടോമിയുമെന്ന് പ്രശസ്ത ഗായികയും അവതാരികയുമായ റിമി ടോമി. റിമിയുടെ സഹോദരനാണ് റിങ്കു. സഹോദരിയാണ് റീനു. രണ്ടുപേരും റിമിയേക്കാൾ പ്രായം കുറഞ്ഞവരാണ്. പ്രശസ്ത നടി മുക്തയാണ് റിങ്കുവിൻ്റെ ജീവിത പങ്കാളി. മകൾ കിയാര 'പത്താം വളവ് ' എന്ന എം പത്മകുമാർ ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്.
സഹോദരങ്ങൾ തന്നെപ്പോലെ വായാടികളല്ലെന്ന് ഇൻസ്റ്റഗ്രാം കുറിപ്പിൽ റിമി പറയുന്നു. രണ്ടാളും അധികം സ്മാർട്ടോ, സ്റ്റൈലിഷോ ഒന്നും ആയിരിക്കില്ല. എന്നാൽ കുടുംബത്തെ കെയർ ചെയ്യുന്നവരാണ്. കുടുംബത്തിനു വേണ്ടിയാണ് അവരുടെ ജീവിതം. കുടുംബത്തിനു പുറത്ത് വേറൊരു ലോകം ഉണ്ടെന്ന തോന്നൽ പോലും ഇല്ലാത്തവർ. പൈസയുടെ വില അറിഞ്ഞു ജീവിക്കുന്നവർ.
പലപ്പോഴും, തൻ്റെ ചേച്ചിയും ചേട്ടനുമാണ് റീനുവും റിങ്കുവും എന്ന തോന്നൽ ഉണ്ടായിട്ടുണ്ടെന്ന് റിമി പറയുന്നു. രണ്ടാളും അത്രയും പക്വതയുള്ളവരാണ്. ഇരുവരുടേയും ചേച്ചിയാണ് എന്ന് പറയുന്നതിൽ അഭിമാനമുണ്ട്. രണ്ടാളേയും സഹോദരങ്ങളായി ലഭിച്ചതിൽ ഓരോ നിമിഷവും താൻ ദൈവത്തോട് നന്ദി പറയുകയാണ്.