റഹീമുൻ അലീമുൻ വഫാറുൻ സത്താറുൻ; നബിദിനത്തിൽ കവാലി ഗാനം ആലപിച്ച് റിമി ടോമി

റഹീമുൻ അലീമുൻ വഫാറുൻ സത്താറുൻ,ഹകീമുൻ ശകൂറുൻ ഖുദ്ദൂസുൻ,സുബ്ബൂഹുൻ അൽ മൗതു ഫീ അംനിസ്സ്വദ് രി ഹലാവ: അസ്സയ്റുലിൽ ഹഖി ഫിസ്സയ്റി ഹബീബ: പരമ കാരുണ്യവാൻ, എല്ലാം അറിയുന്നവൻ, എല്ലാ തെറ്റുകളും പൊറുത്തു തരുന്നവൻ, ഏറ്റവും വിലമതിക്കുന്നവൻ, ഏറ്റവും വിശുദ്ധിയുള്ളവൻ ഭയമില്ലാത്തവർക്ക് മരണം മധുരതരമായ അനുഭവമാണ്, സത്യത്തിലേക്കുള്ള പ്രിയങ്കരമായ യാത്രയാണത്...

നബിദിനത്തിൽ അള്ളാഹുവിന്റെ വിശുദ്ധ നാമങ്ങൾ ഉരുവിടുന്ന കവാലി സംഗീതം ആലപിച്ച് പ്രശസ്ത ഗായിക റിമി ടോമി. മഹേഷ് നാരായണൻ സംവിധാനം ചെയ്ത 'മാലിക് ' എന്ന ചിത്രത്തിലെ കവാലി സംഗീതമാണ് റിമി ആലപിച്ചത്. സമീർ ബിൻസിയുടെ രചനയ്ക്ക് സുഷിൻ ശ്യാം ആണ് സംഗീതം നൽകിയിരിക്കുന്നത്. സിനിമയിൽ ഈ ഗാനം പാടിയിരിക്കുന്നത് ഹിദ എന്ന നാലാം ക്ലാസ്സുകാരിയാണ്.

മലപ്പുറം ചോക്കാട് മമ്പാട്ടു മൂലയിലുള്ള കെ ടി സക്കീർ, റുക്സാന ദമ്പതികളുടെ മകളാണ് ഹിദ. ഉച്ചാരണ ശുദ്ധിയോടെ അതി മനോഹരമായാണ് ഹിദ ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഹിദയ്ക്കൊപ്പം ഇമാം മജ്ബൂർ, മിഥുലേഷ്, സിനാൻ എടക്കര എന്നിവരും കോറസ് പാടുന്നുണ്ട്. തന്റെ വാക്കുകളുടെ ഉച്ചാരണത്തിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം എന്ന അഭ്യർഥനയോടെയാണ് റിമി ടോമി സോഷ്യൽ മീഡിയയിൽ തന്റെതായ രീതിയിൽ ഗാനം അവതരിപ്പിക്കുന്നത്.

Related Posts