ശ്രീലങ്കയിൽ കലാപം; കർഫ്യു നീട്ടി
കൊളംബോ: പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവച്ചതിന് പിന്നാലെ ശ്രീലങ്കയിലാരംഭിച്ച കലാപം രാജ്യത്തിന്റെ കൂടുതലിടങ്ങളിലേക്ക് നീങ്ങുന്നു. സംഘർഷത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. 200 ലേറെ പേർക്ക് പരിക്കേറ്റു. പ്രധാനമന്ത്രിയടക്കം ഭരണപക്ഷ നേതാക്കളുടെ വീടുകൾക്ക് പ്രതിഷേധക്കാർ തീയിട്ടു. പലയിടത്തും സമരക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ദേശവ്യാപക കർഫ്യു നാളെ വരെ നീട്ടി.
കർഫ്യു പ്രഖ്യാപിച്ചിട്ടും ആയിരങ്ങൾ തെരുവിൽ തുടരുകയാണ്. പ്രസിഡണ്ട് ഗോതബായ രജപക്സേയും രാജിവയ്ക്കണമെന്നാണ് സർക്കാർ വിരുദ്ധ പ്രക്ഷോഭകരുടെ ആവശ്യം. മഹിന്ദ രജപക്സേയുടെ വസതി ഉൾപ്പെടെ നിരവധി ഭരണപക്ഷ നേതാക്കളുടെ വീടുകൾ സർക്കാർ വിരുദ്ധ പ്രക്ഷോഭകർ തീയിട്ടു. രാജ്യത്തിന്‍റെ പല ഭാഗത്തും പൊലീസും സമരക്കാരും തമ്മിലും അതിരൂക്ഷമായ ഏറ്റുമുട്ടൽ തുടരുന്നുവെന്നാണ് ശ്രീലങ്കയിൽ നിന്നും പുറത്ത് വരുന്ന റിപ്പോർട്ടുകൾ.