മകളുടെ വിവാഹം; 17 വർഷത്തിന് ശേഷം പരോളിൽ പുറത്തിറങ്ങി റിപ്പർ ജയാനന്ദൻ

തൃശൂർ: കുപ്രസിദ്ധ കുറ്റവാളി റിപ്പർ ജയാനന്ദൻ 17 വർഷത്തെ ജയിൽ വാസത്തിനുശേഷം ആദ്യമായി പരോളിൽ പുറത്തിറങ്ങി. ഹൈക്കോടതി അഭിഭാഷകയായ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് പരോൾ അനുവദിച്ചത്. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കഴിഞ്ഞിരുന്ന റിപ്പർ ജയാനന്ദൻ ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് പുറത്തിറങ്ങിയത്. മൂത്ത മകളുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ രണ്ട് ദിവസത്തെ എസ്കോർട്ട് പരോൾ ഹൈക്കോടതി അനുവദിച്ചു. രാവിലെ 9 മണിക്ക് പുറത്തിറങ്ങിയ ജയാനന്ദനെ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ തിരികെ ജയിലിലേക്ക് കൊണ്ടുവരും. നാളെ വടക്കുന്നാഥ ക്ഷേത്രത്തിൽ നടക്കുന്ന വിവാഹചടങ്ങിൽ പോലീസ് അകമ്പടിയോടെ പങ്കെടുക്കാം. മാള ഇരട്ടക്കൊലപാതകം, പെരിഞ്ഞനം, പുത്തൻവേലിക്കര കൊലപാതകം തുടങ്ങി 24 കേസുകളിൽ പ്രതിയാണ് ജയാനന്ദൻ. സ്ത്രീകളെ തലയ്ക്കടിച്ച് ആഭരണങ്ങൾ തട്ടിയെടുക്കുകയായിരുന്നു രീതി. ജീവിതാവസാനം വരെ കഠിനതടവാണ് ശിക്ഷ. വളരെ അപകടകാരിയായതിനാൽ പരോൾ പോലും അനുവദിച്ചിരുന്നില്ല.