ഋഷഭ് ഷെട്ടിയെയും നിർമ്മാതാവ് വിജയ് കിരഗന്ദൂരിനെയും ഇന്നും ചോദ്യം ചെയ്യും
കോഴിക്കോട്: 'വരാഹരൂപ'ത്തിന്‍റെ പകർപ്പവകാശവുമായി ബന്ധപ്പെട്ട കേസിൽ സംവിധായകൻ റിഷഭ് ഷെട്ടിയെയും നിർമ്മാതാവ് വിജയ് കിരഗന്ദൂരിനെയും ഇന്ന് ചോദ്യം ചെയ്യും. ഇരുവരോടും രാവിലെ കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശം. ഇരുവരും ഇന്നലെയും സ്റ്റേഷനിൽ ഹാജരായിരുന്നു. കേസിൽ റിഷഭ് ഷെട്ടി, വിജയ് കിരഗന്ദൂർ എന്നിവർക്ക് ഹൈക്കോടതി നേരത്തെ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. തൈക്കുടം ബ്രിഡ്‍ജും മാതൃഭൂമിയും നൽകിയ പരാതിയിലാണ് ഇവരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. ചിത്രത്തിന്‍റെ കേരളത്തിലെ വിതരണക്കാരനായ പൃഥ്വിരാജ് അടക്കം ഒമ്പത് പ്രതികളാണ് കേസിലുള്ളത്. തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ബാൻഡ് ഈണമിട്ട 'നവരസം' എന്ന ഗാനത്തിന്‍റെ പകർപ്പവകാശം ലംഘിച്ചാണ് 'കാന്താര' എന്ന ചിത്രത്തിലെ 'വരാഹരൂപം' എന്ന ഗാനത്തിന്‍റെ സംഗീതം നൽകിയതെന്ന് ആരോപണം ഉയർന്നിരുന്നു. സംഭവം വിവാദമായതോടെ തൈക്കുടം ബ്രിഡ്ജും 'നവരസ' എന്ന ഗാനത്തിന്‍റെ ഉടമസ്ഥാവകാശമുള്ള മാതൃഭൂമിയും ചിത്രത്തിന്‍റെ നിർമ്മാതാവിനും സംവിധായകനുമെതിരെ കോഴിക്കോട് ടൗൺ പോലീസിൽ പരാതി നൽകി. 'വരാഹരൂപം' ഉൾപ്പെടുന്ന 'കാന്താര'യുടെ റിലീസ് തടഞ്ഞ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. പകർപ്പവകാശ ലംഘന കേസിൽ ജാമ്യം അനുവദിക്കുമ്പോൾ ഇത്തരം നിർദ്ദേശങ്ങൾ ആവശ്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. 'കെജിഎഫിന്‍റെ' നിർമ്മാതാക്കളായ ഹോംബാളെ ഫിലിംസ് നിർമ്മിച്ച ഈ ചിത്രം സെപ്റ്റംബർ 30 നു റിലീസ് ചെയ്യുകയും വ്യാപകമായി അംഗീകരിക്കപ്പെടുകയും പിന്നീട് മറ്റ് ഭാഷകളിലേക്ക് റിലീസ് ചെയ്യുകയും ചെയ്തു.