മാറ്റം പ്രസംഗപീഠത്തിൽ തുടങ്ങുന്നു; ട്രസിന്റെ പ്രസംഗപീഠം ഒഴിവാക്കി ഋഷി സുനക്
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ഋഷി സുനകിന്റെ ആദ്യ തീരുമാനങ്ങളിലൊന്ന് മുൻ പ്രധാനമന്ത്രി ലിസ് ട്രസിന്‍റെ പ്രസംഗപീഠം ഒഴിവാക്കുക എന്നതായിരുന്നു. നമ്പർ 10 ഡൗണിംഗ് സ്ട്രീറ്റിനു മുന്നിൽ ലിസ് ട്രസ് നടത്തിയ ഒരു പ്രഭാഷണത്തിൽ, അസാധാരണമായ രൂപകൽപ്പനയിലുള്ള പ്രസംഗപീഠത്തിന്‍റെ രൂപമാണ് ഏറ്റവും കൂടുതൽ ശ്രദ്ധ ആകർഷിച്ചത്. എന്നാൽ ലിസ് ട്രസ്സിന് ആ പ്രസംഗപീഠത്തിൽ നിന്ന് അധികകാലം സംസാരിക്കാൻ കഴിഞ്ഞില്ല. അത് ഒരു "ജെങ്ക ടവർ" പോലെ തോന്നിക്കുന്ന, മരം കൊണ്ടുള്ള ബ്ലോക്കുകൾ അടുക്കിവെച്ച രീതിയിലാണ് നിർമ്മിച്ചിരുന്നത്. സാമ്പത്തിക നയങ്ങളുടെ പേരിൽ കടുത്ത വിമർശനം നേരിട്ട ലിസ് ട്രസിന്‍റെ രാജിക്ക് പിന്നാലെയാണ് ഋഷി സുനക്കിന്‍റെ വരവ്. കുത്തനെയുള്ള ഒരു മരത്തടികൊണ്ട് നിർമ്മിച്ച പ്രസംഗപീഠം സുനക് തിരഞ്ഞെടുത്തു. എല്ലാ ബ്രിട്ടീഷ് പ്രധാനമന്ത്രിമാർക്കും അവരുടേതായ പ്രസംഗപീഠമുണ്ടായിരുന്നു. 2010 മുതൽ ബ്രിട്ടീഷ് പ്രധാനമന്ത്രിമാരുടെ പ്രസംഗപീഠങ്ങളുടെ പ്രത്യേകതകളും വളരെയധികം ശ്രദ്ധ ആകർഷിച്ചു. ഡേവിഡ് കാമറൂണിന്‍റെ പ്രസംഗപീഠം നേർത്ത മരം കൊണ്ടാണ് നിർമ്മിച്ചത്. തെരേസ മേയുടെ പ്രസംഗപീഠത്തിന്‍റെ സവിശേഷത നേർത്ത തടിയും സ്ത്രൈണ രൂപവുമായിരുന്നു. ബോറിസ് ജോൺസന്‍റെ പ്രസംഗപീഠം തവിട്ട് നിറത്തിൽ, അടിയിൽ വലിയ ഷെൽഫുകളുള്ളതാണ്, ടോണി ബ്ലെയർ ഫ്ലോട്ടിംഗ് ഷെൽഫ് ഡിസൈൻ തിരഞ്ഞെടുത്തു.