അസംസ്‌കൃതവസ്തുക്കളുടെ വിലവർധന ; കൊറഗേറ്റഡ് ബോക്സ് നിർമാതാക്കൾ 16-ന് കരിദിനം ആചരിക്കും

കൊച്ചി: അസംസ്‌കൃത വസ്തുക്കളുടെ ദൗർലഭ്യവും വിലവർധനവും കാരണം കൊറഗേറ്റഡ് ബോക്സ് വില വർധിപ്പിക്കുകയല്ലാതെ മറ്റ് പോംവഴിയില്ലെന്ന് കാണിച്ച് കേരള കൊറഗേറ്റഡ് ബോക്സ് മാനുഫാക്ച്ചറേഴ്സ് അസോസിയേഷൻ (കെസിബിഎംഎ) ഈ മാസം 16-ന് കരിദിനം ആചരിക്കും. ബോക്സ് നിർമാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളായ ഡ്യൂപ്ലക്സ് ബോർഡിന്റെയും ക്രാഫ്റ്റ് പേപ്പറിന്റെയും വിലയിൽ കഴിഞ്ഞ ഒരു മാസത്തിനിടയിൽ 35% വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിന് പുറമേ വിവിധ കാരണങ്ങൾ മൂലം ഇവയ്ക്ക് വൻ ദൗർലഭ്യവും നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ പാക്കിങ് ബോക്സുകളുടെ വില വർധിപ്പിക്കുകയല്ലാതെ നിർമാതാക്കളുടെ മുന്നിൽ മറ്റ് മാർഗങ്ങളില്ലെന്ന് കെസിബിഎംഎ പ്രസിഡന്റ് സേവിയർ ജോസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബോക്സ് ഉപഭോക്താക്കൾ വിലവർധനവുമായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

പേപ്പർ നിർമാണത്തിന് ഉപയോഗിക്കുന്ന വേസ്റ്റ് പേപ്പറിന്റെ ശേഖരണത്തിൽ ഈയടുത്തകാലത്ത് നേരിട്ട പ്രശ്നവും ഈ വ്യവസായത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്ന് കെസിബിഎംഎ കോർഡിനേറ്റർ ജി. രാജീവ് വ്യക്തമാക്കി. കോവിഡ് കാലത്ത് വേസ്റ്റ് പേപ്പർ ശേഖരണം വളരെയേറെ ബാധിക്കപ്പെട്ടിരുന്നു. ഇപ്പോൾ റഷ്യ- യുക്രെയിൻ യുദ്ധവും മറ്റ അനവധി കാരണങ്ങൾ കൊണ്ടും അസംസ്‌കൃത വസ്തുവിന്റെ വിലവർധനവിന് കാരണമായിട്ടുണ്ട്. ഇതും പേപ്പറിന്റെ വില ഉയരാൻ ഇടയാക്കിയിട്ടുണ്ടെന്ന് കെസിബിഎം ഭാരവാഹികൾ പറഞ്ഞു. ഇതിന് പുറമേ അന്താരാഷ്ട്ര വിപണിയിൽ പേപ്പറിന് ഡിമാൻഡ് കൂടിയത് കാരണം മിക്ക നിർമാതാക്കളും പേപ്പർ കയറ്റുമതി ചെയ്യാൻ തുടങ്ങിയതും ആഭ്യന്തര വിപണിയിൽ പ്രതിസന്ധിക്ക് ആക്കം കൂട്ടി. ഈ നില തുടർന്നാൽ വരും ദിവസങ്ങളിൽ ക്രാഫ്റ്റ് പേപ്പർ, ഡ്യൂപ്ലെക്സ് ബോർഡുകളുടെ വിലയിൽ 50 മുതൽ 60% വരെ വർധനവുണ്ടായേക്കാമെന്നും അവർ ചൂണ്ടിക്കാട്ടി.

Related Posts