ചിറ്റാട്ടുകര പോസ്റ്റോഫീസ് റോഡ് നിർമാണം പൂർത്തിയായി.
ചിറ്റാട്ടുകര:
എളവള്ളി ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡ് അതിർത്തിയിലൂടെ കടന്നുപോകുന്ന പോസ്റ്റോഫീസ് റോഡിൻ്റെ നിർമാണം പൂർത്തീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു. വർഷങ്ങളായി ചിറ്റാട്ടുകര സെൻ്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ കെട്ടിക്കിടന്നിരുന്ന വെള്ളക്കെട്ടിനും ഇതോടെ ശാശ്വത പരിഹാരമാകും. മുരളി പെരുനെല്ലി എം എൽ എ യുടെ ഇടപെടലിനെ തുടർന്ന് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ അനുവദിച്ചാണ് റോഡ് ടാറിങ്ങും നിർമാണവും നടത്തിയത്.
കാക്കശ്ശേരി ചക്കാന്തറ കുരിശുപള്ളി പരിസരത്തുനിന്നും ജനശക്തി റോഡിൽ നിന്നും ഒഴുകിവരുന്ന വെള്ളമാണ് വർഷങ്ങളായി സെൻ്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ ഗ്രൗണ്ടിലെ വെള്ളക്കെട്ടിന് കാരണമായിരുന്നത്. ഗ്രൗണ്ടിൽ കെട്ടിക്കിടക്കുന്ന വെള്ളം പോസ്റ്റോഫീസ് റോഡിന് അരികിലൂടെ ഒഴുകി കോഴിത്തോട്ടിലേക്കാണ് എത്തിച്ചേരുന്നത്. എന്നാൽ പോസ്റ്റോഫീസ് റോഡരികിലെ കാന വീതി കുറഞ്ഞതും ഭിത്തി ഇടിഞ്ഞു തകർന്നതുമാണ് വെള്ളം ഒഴുകുന്നതിന് തടസ്സമായിരുന്നത്.
പോസ്റ്റോഫീസ് റോഡിലെ കാന 0.75 മീറ്റർ വീതിയിലും ഒരു മീറ്റർ താഴ്ചയിലും നിർമിച്ച് മുകളിൽ കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ചാണ് വെള്ളത്തിൻ്റെ ഒഴുക്ക് ക്രമപ്പെടുത്താനായത്. 200 മീറ്റർ നീളത്തിലാണ് കാന നിർമിച്ചിരിക്കുന്നത്. കാന നിർമിക്കുന്നതിൻ്റെ ഭാഗമായി തകർന്ന റോഡ് ടാറിംഗ് നടത്തി പുനഃസ്ഥാപിച്ചിട്ടുണ്ട്. പുതിയ കാന നിർമിക്കുന്നതിന് തടസ്സമായി നിന്നിരുന്ന രണ്ട് ഇലക്ട്രിക് പോസ്റ്റുകൾ ഗ്രാമപഞ്ചായത്ത് മാറ്റി സ്ഥാപിച്ചു.
നിർമാണം പൂർത്തീകരിച്ച റോഡിൻ്റെ ഉദ്ഘാടനം മുരളി പെരുനെല്ലി എംഎൽഎ നിർവഹിച്ചു. എളവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതി വേണുഗോപാൽ മുഖ്യാതിഥിയായി. ജനപ്രതിനിധികളായ ബിന്ദു പ്രദീപ്, ചെറുപുഷ്പം ജോണി, കെ ഡി വിഷ്ണു, ടി സി മോഹനൻ, എൻ ബി ജയ, എ പി ശരത് കുമാർ, ശ്രീബിത ഷാജി, എളവള്ളി പഞ്ചായത്ത് സെക്രട്ടറി തോമസ് രാജൻ, അസിസ്റ്റന്റ് എൻജിനീയർ ബാബു കെ പോൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു.