ജില്ലയിലെ റോഡ് നിർമാണം, ടൂറിസം പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കും - മന്ത്രി മുഹമ്മദ്‌ റിയാസ്

ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്ന റോഡ് നിർമാണ പ്രവൃത്തികളും ടൂറിസം പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കാൻ എല്ലാ വകുപ്പുകളും കൈകോർത്തു പ്രവർത്തിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്.ജില്ലയിലെ മന്ത്രിമാർ, എം എൽ എമാർ, കലക്ടർ,വകുപ്പുദ്യോഗസ്ഥർ എന്നിവരുമായി ചേർന്ന ഉന്നതതലയോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ജില്ലയിലെ എല്ലാ എം എൽ എമാരുടെയും നിയോജക മണ്ഡലങ്ങളിൽ നടക്കുന്ന റോഡ് നിർമാണപ്രവൃത്തികളുടെ നിലവിലെ സ്ഥിതി ഉദ്യോഗസ്ഥർ വിലയിരുത്തി റിപ്പോർട്ട് മന്ത്രിയുടെ ഓഫീസിൽ നൽകുന്നതിനായുള്ള ആദ്യ യോഗമാണ് ചേർന്നത്. വർഷത്തിൽ 3 തവണ ഇപ്രകാരം യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. എല്ലാ ജില്ലകളിലും ഇത്തരം മീറ്റിങുകൾ നടന്നുവരുന്നതായും ഇത് ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

നിർമാണത്തിലെ തടസ്സങ്ങൾ നീക്കി വേഗത കൂട്ടാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധ ചെലുത്തണം. എല്ലാമാസവും ഡിവിഷൻ തലത്തിൽ യോഗം ചേർന്ന് മിനിറ്റ്സ് അയക്കണം.

കരാറുകാർ നിർമാണം പൂർത്തീകരണം അകാരണമായി നീട്ടി കൊണ്ട് പോകരുത്. ഉദ്യോഗസ്ഥർ ഓരോ ഫയലുകളും എസ്റ്റിമേറ്റുകളും അന്നുതന്നെ തീർപ്പാക്കണം. നിർമാണ  പ്രവർത്തന പുരോഗതി അപ്പപ്പോൾ അതത് മണ്ഡലത്തിലെ എംഎൽഎമാരെ അറിയിക്കണം. ഇതിനായി എല്ലാ വകുപ്പുകളും കൈകോർത്ത് പ്രവർത്തിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

റോഡ് നിർമാണത്തിന് ആവശ്യമായ മരംമുറിക്കുന്നതിന് ജില്ലാ കലക്ടറുമായി കൂടിയാലോചിച്ചു വേഗത കൂട്ടണം. ജില്ലയിൽ പലയിടത്തും റോഡ് കൈയേറ്റം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിനാൽ പി ഡബ്ല്യു ഡി യുടെ പരിധിയിൽ വരുന്ന ബൗണ്ടറി മാർക്ക് ചെയ്ത് അളന്ന് തിട്ടപ്പെടുത്തിയിടണമെന്നും മന്ത്രി പറഞ്ഞു. പൊലീസ് സ്റ്റേഷനുകളോട് ചേർന്ന് പൊലീസ് കേസിൽ പെട്ട വാഹനങ്ങൾ റോഡിൽ കിടക്കുന്ന അവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത് നീക്കം ചെയ്യാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ജില്ലാകലക്ടറോട് മന്ത്രി ആവശ്യപ്പെട്ടു. ഇത്തരം വാഹനങ്ങൾ നീക്കം ചെയ്തു സ്ഥലം വൃത്തിയാക്കി കംഫർട്ട് സ്റ്റേഷൻ പോലെയുള്ള സാധ്യതകൾ ഒരുക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ ടൂറിസത്തിന്റെ അനന്തസാധ്യതകൾ മനസ്സിലാക്കി ജില്ലയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രധാന  ടൂറിസം പദ്ധതികളായ കൊടുങ്ങല്ലൂർ മുസിരിസ്, ഗുരുവായൂർ അതിഥി മന്ദിര നിർമാണം, അതിരപ്പിള്ളിഫസിലിറ്റി സെന്റർ നിർമാണം, പാർക്കിങ് സംവിധാനം ഏർപ്പെടുത്തൽ എന്നിവ ത്വരിതഗതിയിലാക്കും.വഞ്ചിക്കുളം, കാക്കത്തുരുത്തി, മലക്കപ്പാറ വിനോദസഞ്ചാര മേഖലകളിലെ നിർമാണ പ്രവർത്തനങ്ങൾ ഉടനടി പൂർത്തീകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും. രാമനിലയത്തിൽ സ്ട്രീറ്റ് ലൈറ്റുകൾ, കെട്ടിടത്തിലെ അറ്റകുറ്റപ്പണികൾ എന്നീ  പ്രവൃത്തികളും വേഗത്തിലാക്കും.

Related Posts